ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് മാല കവർന്ന യുവാവ് പിടിയിൽ
text_fieldsകെ.ആർ. അനൂപ്
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ അറ്റൻഡർ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. വൈക്കം ടോൾ ജങ്ഷൻ ഭാഗത്ത് കുറ്റിക്കാട്ടിൽ വീട്ടിൽ കെ.ആർ. അനൂപാണ് (38) അറസ്റ്റിലായത്.
ഇയാൾ കഴിഞ്ഞ വര്ഷം കോതനെല്ലൂർ സ്വദേശിനി വീട്ടമ്മക്ക് അറ്റൻഡർ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുകയും മെഡിക്കൽ പരിശോധന സമയം ആഭരണം ധരിക്കാൻ പാടില്ലെന്നും പറഞ്ഞ് വീട്ടമ്മയുടെ ഒന്നരപവൻ മാല ഊരി വാങ്ങി കടന്നുകളയുകയുമായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം ആലപ്പുഴ ജില്ലയിലെ തുറവൂരിൽനിന്നാണ് ഇയാളെ പിടികൂടിയത്.
എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ മാർട്ടിൻ അലക്സ്, സി.പി.ഒമാരായ പ്രവിനോ, രാഗേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾക്ക് വൈക്കം, കരിമണ്ണൂർ, കടുത്തുരുത്തി സ്റ്റേഷനുകളിൽ സമാന കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

