ഇ.എൻ.ടി വാർഡിലെ ടൈൽ പൊട്ടിത്തെറി: പരിശോധന നടത്തി
text_fieldsമെഡിക്കൽ കോളജ് ആശുപത്രി ഇ.എൻ.ടി വാർഡിലെ ടൈലുകൾ പൊട്ടിത്തെറിച്ച നിലയിൽ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ഇ.എൻ.ടി വാർഡിൽ ടൈലുകൾ പൊട്ടിത്തെറിച്ച സംഭവത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കെട്ടിടത്തിനോ വാർപ്പിനോ അപകടാവസ്ഥയില്ലെന്നും ടൈലിന്റെ കാലപ്പഴക്കവും കനത്ത ചൂടുമാണ് ടൈലുകൾ പൊട്ടിത്തെറിക്കാൻ കാരണമെന്നുമാണ് പ്രാഥമിക നിഗമനം.
ഇത് സാധാരണയാണെന്നും വീടുകളിലും ഇങ്ങനെ സംഭവിക്കാറുണ്ടെന്നും ആശങ്കപ്പെടാനില്ലെന്നും ആർ.എം.ഒ ഡോ. സാം ക്രിസ്റ്റി മാമൻ പറഞ്ഞു. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇ.എൻ.ടി വാർഡിലെ ടൈലുകൾ വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ചത്. കിടത്തി ചികിത്സയിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി വാർഡിന് പുറത്തേക്ക് ഓടി. ഒ.പി വിഭാഗത്തിന്‍റെ രണ്ടാം നിലയിലാണ് ഇ.എൻ.ടി വാർഡ്. ഈ സമയത്ത് ഇരുപതോളം രോഗികളും കൂട്ടിരിപ്പുകാരും വാർഡിൽ ഉണ്ടായിരുന്നു.
വലിയ ശബ്ദത്തിൽ എന്തോ പൊട്ടിത്തെറിക്കുന്നതാണ് കേട്ടതെന്നും ഭയന്നുപോയെന്നും വാർഡിലുണ്ടായിരുന്ന എറണാകുളം സ്വദേശി അർജുൻ പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരും ആർ.എം.ഒ ഡോ. സാം ക്രിസ്റ്റി മാമനും പൊലീസും സ്ഥലത്തെത്തി പരിഭ്രാന്തരായ രോഗികളെ ശാന്തരാക്കി. രോഗികളെ അത്യാഹിത വിഭാഗത്തിന്റെ മുകളിൽ നാലാം നിലയിലുള്ള വാർഡുകളിലേക്ക് മാറ്റി. ഇ.എൻ.ടി വാർഡ് അടച്ചുപൂട്ടുകയും ചെയ്തു. പൊട്ടിയ സ്ഥലത്ത് ടൈലുകളിട്ട് അറ്റകുറ്റപ്പണി ചെയ്ത ശേഷമേ രോഗികളെ പ്രവേശിപ്പിക്കുകയുള്ളുവെന്ന് ആർ.എം.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

