മെഡിക്കൽ കോളജ് ക്വാർട്ടേഴ്സ് ശോച്യാവസ്ഥയിൽ പ്രതിഷേധവുമായി ആശുപത്രി ജീവനക്കാർ
text_fieldsമെഡി. കോളജ് ആശുപത്രി ജീവനക്കാരുടെ ശോച്യാവസ്ഥയിലായ ക്വാർട്ടേഴ്സുകളിലൊന്ന്
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണി നടത്താത്തതിൽ ജീവനക്കാർ പ്രതിഷേധത്തിൽ. നഴ്സിങ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡർ തുടങ്ങിയ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണി നടത്താത്തതിലാണ് പ്രതിഷേധം.
വിവിധ പദ്ധതികൾ 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ജീവനക്കാർ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. ജീവനക്കാർ താമസിക്കുന്ന ചാത്തുണ്ണി പാറ ഭാഗത്തുള്ള ജി ടൈപ്പ് ക്വാർട്ടേഴ്സാണ് അപകടാവസ്ഥയിലുള്ളത്.
വർഷങ്ങളുടെ പഴക്കമുള്ള 34 ഓളം ക്വാർട്ടേഴ്സാണ് ഇവിടെയുള്ളത്. ഭൂരിഭാഗം ജീവനക്കാർക്കൊപ്പം കുട്ടികളും പ്രായമായ മാതാപിതാക്കളുമുണ്ട്. ക്വാർട്ടേഴ്സിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് ജീവനക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും പി.ഡബ്ല്യു.ഡി അധികൃതർക്കും നിവേദനം നൽകിയിട്ടും നടപടിയില്ല.
ക്വാർട്ടേഴ്സിലെ വയറിങ് തകർന്ന നിലയിലും സ്വിച്ച് ബോർഡ് പൊട്ടിപ്പൊളിഞ്ഞ് വയറുകൾ മുറിക്കുകളിൽ തൂങ്ങി കിടക്കുന്ന അവസ്ഥയിലാണ്. ഇത് വലിയ അപകട ഭീഷണി ഉയർത്തുന്നുണ്ട്. മുറികളിലെ തറയും സീലിങ്ങും അടുക്കളയും ശുചിമുറിയും പൊട്ടിപ്പൊളിഞ്ഞു. പല ശുചി മുറികളിലും ടാങ്കുകൾ പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. ദുർഗന്ധം സഹിച്ചാണ് ഇവർ താമസിക്കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന ക്വാർട്ടേഴ്സുമുണ്ട് കൂട്ടത്തിൽ. ഇവിടേക്കുള്ള റോഡുകളും തകർന്ന നിലയിലാണ്. മെഡിക്കൽ കോളജിലെ ശുചിമുറി തകർന്ന് വീണ് വീട്ടമ്മ മരിച്ച സാഹചര്യത്തിൽ കാലപ്പഴക്കം ചെന്ന ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണി നടത്തുമെന്നാണ് ജീവനക്കാർ കരുതിയിരുന്നത്. എന്നാൽ അധികൃതർ ജീവനക്കാരുടെ ആവശ്യം പരിഗണിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

