മെഡിക്കല്‍ കോളജിലെ ലാബ് പരിശോധനഫലത്തിൽ പിഴവെന്ന്
text_fieldsഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ലാബിലെ പരിശോധനഫലത്തിൽ പിഴവെന്ന് പരാതി. വയറുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയ തലയോലപ്പറമ്പ് സ്വദേശിനിയായ യുവതിക്കാണ് ദുരനുഭവം.
എസ്.ജി.ഒ.ടി (കരള്‍വീക്കത്തിന്റെ തോത് അറിയാനുള്ള പരിശോധന) പരിശോധന ഫലമാണ് തെറ്റായി നൽകിയത്. 2053 എന്നാണ് ഇതിന്റെ ഫലം രേഖപ്പെടുത്തിയിരുന്നത്. ശരാശരി 40 ആണ് ഇതിന്റെ തോതെന്നിരിക്കെ, വലിയൊരു സംഖ്യ കണ്ടതോടെ ഡോക്ടറും ആശയക്കുഴപ്പത്തിലായി. തുടര്‍ന്ന് ഈ പരിശോധന ഒന്നുകൂടി നടത്താന്‍ നിർദേശിച്ചു. മെഡിക്കല്‍ കോളജില്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന അർധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ലാബില്‍ വീണ്ടും പരിശോധിച്ചപ്പോൾ എസ്.ജി.ഒ.ടി ഫലം 23ആയി. മറ്റൊരു സ്വകാര്യ ലാബില്‍ പരിശോധിച്ചപ്പോൾ ഫലം 18 ആയിരുന്നു. ഫലം 2053 വന്നതിനെക്കുറിച്ച് ലാബില്‍ തിരക്കിയപ്പോള്‍ മഞ്ഞപ്പിത്തം ഉണ്ടാകാമെന്നും വേണമെങ്കില്‍ ഒന്നുകൂടി പരിശോധിക്കാമെന്നുമാണ് മറുപടി ലഭിച്ചതത്രേ. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അന്വേഷിച്ചശേഷം പ്രതികരിക്കാമെന്നും ലാബ് അധികൃതര്‍ പറഞ്ഞു.