മെഡിക്കൽ കോളജിൽ കുട്ടിയുടെ മരണം; പൊലീസ് അന്വേഷണം തുടങ്ങി
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കുട്ടി മരിച്ചത് കുത്തിവെപ്പ് മൂലമാണെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയുടെ പിതാവ് ആലപ്പുഴ മാരാരിക്കുളം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകി. സംഭവം നടന്നത് കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ ആയതിനാൽ പരാതി ഗാന്ധിനഗർ സ്റ്റേഷന് കൈമാറുകയായിരുന്നു. ബുധനാഴ്ച അർധരാത്രിക്ക് ശേഷമായിരുന്നു സംഭവം.
ചേർത്തല മാരാരിക്കുളം പുത്തൻകുളങ്ങര സുരേഷിെൻറ മകൻ അർണവാണ് (മൂന്ന്) മരിച്ചത്. കടുത്ത പനിയും ഛർദിയും ബാധിച്ച് മറ്റൊരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ബുധനാഴ്ച രാവിലെ 11.30ന് കുട്ടികളുടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമികചികിത്സക്ക് കോവിഡ് നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതിനുശേഷം പ്രഥമചികിത്സ നൽകി.
സന്ധ്യയോടെ ആരോഗ്യനില മോശമാകുകയും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് വീണ്ടും ആരോഗ്യനില മോശമായതിനെത്തുടർന്ന് വെൻറിലേറ്ററിൽ പ്രവേശിപ്പിെച്ചങ്കിലും വ്യാഴാഴ്ച പുലർച്ച 1.30ന് കുട്ടി മരിച്ചു. ഇതിനിടയിൽ കുട്ടിയുടെ ചികിത്സരേഖ (കേസ് ഷീറ്റ്) കാണാതാകുകയും ചെയ്തിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ നഴ്സ് കുത്തിവെപ്പ് നടത്തിയതുമൂലമാണ് മരണം സംഭവിച്ചതെന്നാരോപിച്ച് കുട്ടിയുടെ മാതാവ് നഴ്സിനെ മർദിക്കുകയും ബന്ധുക്കൾ ബഹളംവെക്കുകയും ചെയ്തിരുന്നു. ആശുപത്രി അധികൃതർ മാതാവിനെതിരെ പൊലീസിൽ പരാതി നൽകി.
അതിനിടെ, കടുത്ത ന്യുമോണിയയും അണുബാധയുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരമെന്ന് ഫോറൻസിക് ഡോക്ടർമാർ അറിയിച്ചു. ഇരുകൂട്ടരുടെയും പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഗാന്ധിനഗർ എസ്.എച്ച്.ഒ പറഞ്ഞു.