തലയെടുപ്പോടെ കൊടുങ്ങൂരിൽ ഗജറാണിമാർ
text_fieldsഒരു പിടി ആനച്ചന്തം... കോട്ടയം കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് നടന്ന പിടിയാനകളുടെ ഗജമേള. കേരളത്തിലാദ്യമായാണ് പിടിയാനകളുടെ ഗജമേള നടത്തുന്നത്
വാഴൂർ: കാഴ്ചയുടെ വിസ്മയം കുറിച്ച് കൊടുങ്ങൂരിൽ പിടിയാനകളുടെ ഗജമേള. ചരിത്രം കുറിച്ച് കൊടുങ്ങൂർ ദേവീക്ഷേത്രത്തിൽ മീനപ്പൂരത്തോടനുബന്ധിച്ച് ഒമ്പത് പിടിയാനകൾ അണിനിരന്ന ഗജമേള കാണാൻ വിവിധ സ്ഥലങ്ങളിൽനിന്നായി നൂറുകണക്കിന് അനപ്രേമികളാണ് എത്തിയത്. ആടയാഭരണങ്ങൾ ഒന്നും ഇല്ലാതെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പിടിയാനകൾ ഗജമേളയിൽ അണിനിരന്നത്. കൊമ്പനാനകൾക്ക് മാത്രമല്ല പിടിയാനകൾക്കും ആരാധകരുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു മേള.
കാവടിയാട്ടത്തിന് ശേഷം ക്ഷേത്രം ഗോപുരവാതിൽ കടന്നു തോട്ടയ്ക്കാട് പഞ്ചാലി, തൊട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി, പ്ലാത്തോട്ടം ബീന, പ്ലാത്തോട്ടം മീര, ഉള്ളൂർ വേപ്പിന്മൂട് ഇന്ദിര, ഗുരുവായൂർ ദേവി, കുമാരനല്ലൂർ പുഷ്പ, വേണാട്ട് മറ്റം കല്യാണി, കിഴക്കേടത്തുമന ദേവി ശ്രീ പാർവതി എന്നീ ഗജറാണിമാർ പൂരപ്പറമ്പിലെ പുരുഷാരത്തിന് നടുവിലേക്ക് എത്തുകയായിരുന്നു.
തൊട്ടയ്ക്കാട് കുഞ്ഞുലക്ഷ്മിക്ക് പ്രഥമ തൃക്കൊടുങ്ങൂർ മഹേശ്വരിപ്രിയ ഇഭകുലസുന്ദരി പട്ടം നൽകി, ആറാട്ടിനുള്ള തിടമ്പേറ്റാൻ അവസരം ലഭിച്ചത് തോട്ടയ്ക്കാട് പഞ്ചാലിക്കാണ് ക്ഷേത്രം നടപ്പന്തലിൽ തന്ത്രി പെരിഞ്ഞേരിമന നന്ദനൻ നമ്പൂതിരി പട്ട സമർപ്പണം നടത്തി.
ശ്രീകുമാർ അരൂക്കുറ്റി, ശൈലേഷ് വൈക്കം, രാജേഷ് പല്ലാട്ട് അടങ്ങുന്ന വിദഗ്ധ സംഘമാണ് ഗജമേളയിലെ വിജയികളെ തെരഞ്ഞെടുത്തത്. രാവിലെ എട്ടു ദേശങ്ങളിൽനിന്നെത്തിയ കാവടിയ്യാട്ടം കാണാൻ ആയിരങ്ങളാണ് ക്ഷേത്രസന്നിധിയിൽ എത്തിയത്. ഉച്ചക്ക് ശേഷം നടന്ന ആറാട്ട് ഭക്തിസാന്ദ്രമായി. രാത്രി കൊടിയിറക്കിയതോടെ 10 ദിവസം നീണ്ട കൊടുങ്ങൂർ പൂരം സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

