സമ്പൂർണ വാക്സിനേഷൻ തീവ്രയജ്ഞം: ആദ്യഘട്ടം ഇന്ന് ആരംഭിക്കും
text_fieldsകോട്ടയം: ദേശീയതലത്തിൽ നടക്കുന്ന സമ്പൂർണ വാക്സിനേഷൻ തീവ്രയജ്ഞത്തിന്റെ ജില്ലതല യോഗം ഈരാറ്റുപേട്ടയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വാക്സിനേഷനിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ജില്ലയായ കോട്ടയത്ത് വാക്സിനേഷനിൽ പിന്നിൽ നിൽക്കുന്ന പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട നഗരസഭ, പാറത്തോട് ഗ്രാമപഞ്ചായത്തുകളിൽ രാഷ്ട്രീയ- മത-യുവജന സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഉദ്യമം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യാപാരഭവൻ ഹാളിൽ നടന്ന യോഗത്തിൽ നഗരസഭ അധ്യക്ഷ സുഹറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തി. തിങ്കളാഴ്ച മുതൽ 12വരെ ജില്ലയിലുടനീളം പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും രണ്ടാം ഘട്ട ക്യാമ്പുകൾ സെപ്റ്റംബർ 11 മുതൽ 16വരെയും മൂന്നാം ഘട്ട ക്യാമ്പുകൾ ഒക്ടോബർ ഒമ്പതു മുതൽ 14 വരെയും നടക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ഡോ. സഹ്ല ഫിർദൗസ്, ജില്ല സർവെയ്ലൻസ് ഓഫിസർ ഡോ. സി.ജെ. സിതാര, ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ ഡോമി ജോൺ, മെഡിക്കൽ ഓഫിസർ ഡോ. രശ്മി പി. ശശി, നഗരസഭ അംഗങ്ങളായ അനസ് പാറയിൽ, ലീന ജയിംസ്, മുസ്ലിം ജമാഅത്ത് സംസ്ഥാന വർക്കിങ് പ്രസിഡന്റ് മുഹമ്മദ് സക്കീർ, വിവിധ രാഷ്ട്രീയ നേതാക്കൾ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

