അതിരില്ലാതെ സൗഹൃദം, മനസ് നിറച്ച് സംഗീതം; തരംഗമായി ‘റിഥം ആൻഡ് ട്യൂൺസ്’
text_fieldsകോട്ടയം: പലനാടുകളിലെ കലാകാരന്മാർ ഒരു കുടക്കീഴിൽ ഒത്തുചേർന്നപ്പോൾ പിറന്നത് ഗൃഹാതുരത്വം നിറഞ്ഞ ഒരുപിടി ഓണപ്പാട്ടുകൾ. നാലുവർഷം മുമ്പ് തുടങ്ങിയ ‘റിഥം ആൻഡ് ട്യൂൺസ്’ആണ് ഒരുപിടി ഓണപ്പാട്ടുകളുടെ ആൽബവുമായി തരംഗമാകുന്നത്. ഓണനിലാവ് മുതൽ ഓണപ്പുടവ വരെ ഏഴോളം ആൽബങ്ങൾ ഇവർ പുറത്തിറക്കിയിട്ടുണ്ട്.
2021ലാണ് ഈ സൗഹൃദക്കൂട്ടായ്മ ആരംഭിച്ചത്. മ്യൂസിക് ആൽബങ്ങൾക്കായി വരികൾ എഴുതിയിരിക്കുന്നത് ഡോ. ഹേമന്ദ് അരവിന്ദ് ആണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് കോട്ടയം സ്വദേശിയായ രാജേഷ് മാത്യുവാണ്. ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന രാജേഷ് രാമനും മകൾ ലക്ഷ്മിയുമാണ് ഗായകർ. എം.ജി സർവകലാശാലയിലെ ലൈബ്രേറിയനായ എൻ.അനൂപാണ് കോർഡിനേഷൻ നിർവഹിക്കുന്നത്. പെരുമ്പാവൂർ സ്വദേശി ജോൺസൺ പീറ്ററാണ് സൗണ്ട് എൻജിനീയർ.
ശ്രീകുമാരൻ തമ്പി, ഭാസ്കരൻ മാഷ്, യേശുദാസ് തുടങ്ങിയ സംഗീതലോകത്തെ അതികായന്മാരുടെ ഈണങ്ങളും വരികളുമാണ് ഇവർ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകം. ദേശങ്ങളുടെ അതിർവരമ്പുകൾ ഭേദിക്കുന്നതാണ് ഇവരുടെ കൂട്ടായ്മ. ഒരുതലമുറയുടെ സംഗീതത്തെ കവർസോങുകളായി മാത്രം പരിചയപ്പെട്ട പുതുതലമുറക്ക് പഴയ കാലഘട്ടത്തിലെ ഈണങ്ങളുടെയും വരികളുടെയും മാന്ത്രികതയെ പരിചയപ്പെടുത്തുകയാണ് ഇവർ. ഓണപ്പാട്ടുകൾ കൂടാതെ ക്രിസ്തീയ ഭക്തിഗാനങ്ങളും ആൽബങ്ങളും ഉൾപ്പെടുന്നു. നിരവധി നവാഗത ഗായകരെയും‘റിഥം ആൻഡ് ട്യൂൺസ്’ബാൻഡ് സംഗീലോകത്തിലേക്ക് കൈപിടിച്ച് ഉയർത്തിയിട്ടുണ്ട്.
സൗഹൃദത്തിലൂടെ സംഗീതലോകത്തിലേക്ക്
വിവിധമേഖലകളിൽ ജോലിചെയ്യുന്ന ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്നത് ശുദ്ധസംഗീതമാണ്. എഴുതിയ വരികൾ അയച്ചുകൊടുത്ത് അതിന് സംഗീതം നൽകുന്നു. ശേഷം ഓർക്കസ്ട്രയുടെ ട്രാക്കും ആലാപനത്തിന്‍റെ ട്രാക്കും മിക്സ് ചെയ്താണ് ആൽബം പുറത്തിറക്കുന്നത്. ഓരോ കടമ്പകളും കൂട്ടായ്മയിലൂടെയാണ് പൂർത്തിയാക്കുന്നത്. നാട്ടിൽ ജനിക്കുന്ന വരികൾക്ക് ശബ്ദം പകരുന്നത് രണ്ട് യു.കെ മലയാളികളും.
ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശിയായ ഡോ. ഹേമന്ദ് അരവിന്ദ് ആണ് വരികൾ എഴുതിയിരിക്കുന്നത്. അഗ്രോ ബയോടെക് റിസർച്ച് സെന്‍ററിലെ ഗവേഷകനും എം.ജി സർവകലാശാലയിലെ മുൻ റിസർച്ച് ഗൈഡുമാണ് ഇദ്ദേഹം. ഇത്തവണ ഓണംആൽബം പുറത്തിറക്കിയത് ഏറെ മാനസികവിഷമങ്ങൾ ഉള്ളിലടക്കിയാണ്. ആശുപത്രിക്കിടക്കയിൽ കഴിയുന്ന സ്വന്തം മാതാവിന് സമീപമിരുന്നാണ് ഹേമന്ദ് ‘ഓണപ്പുടവ’ ആൽബത്തിനായി വരികളെഴുതിയത്. നട്ടെല്ലിലെ ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഹേമന്ദിന്‍റെ മാതാവിനെ പ്രവേശിപ്പിച്ചിരുക്കുകയായിരുന്നു. മാനസികവിഷമങ്ങൾ ഉള്ളിലടക്കി പല്ലവി പൂർത്തിയാക്കി, തുടർന്ന് അനുപല്ലവിയും.
22 വർഷമായി സംഗീതലോകത്ത് സജീവമായ സംക്രാന്തി സ്വദേശി രാജേഷ് മാത്യുവാണ് വരികൾക്ക് സംഗീതം നൽകുന്നത്. കൂടാതെ പിയാനോ, ഗിത്താർ അധ്യാപകനുമാണ്. 40ഓളം ശിഷ്യരുണ്ട് രാജേഷിന് കീഴിൽ. മുമ്പ് കോട്ടയത്ത് തന്നെ ഒരു പ്രിന്‍റിങ് യൂനിറ്റ് നടത്തിയിരുന്നു.
ലണ്ടൻ മലയാളിയായ രാജേഷ് രാമനും മകൾ ലക്ഷ്മി രാജേഷുമാണ് ആൽബങ്ങളുടെ സ്വരമാധുരിക്ക് പിന്നിൽ. എറണാകുളം സ്വദേശിയായ രാജേഷ് രാമൻ നിലവിൽ കുടുംബസമേതം ലണ്ടനിലാണ്. മകൾ ലക്ഷ്മി പ്ലസ് വൺ വിദ്യാർഥിനിയാണ്. എ.ആർ.റഹ്മാൻ സംഘടിപ്പിച്ച കവർസോങ് മത്സരത്തിലെ വിജയികളിലൊരാളായിരുന്നു ലക്ഷ്മി. 2022ൽ ഫെഫ്ക സംഘടിപ്പിച്ച സംഗീതമത്സരത്തിലും ലക്ഷ്മിയായിരുന്നു ഗ്ലോബൽ ജേതാവ്. ലണ്ടൻ മലയാളികൾക്കിടയിൽ ഏറെ സുപരിചിതരാണ് ഇവർ. പിന്നണിഗായിക കെ.എസ്.ചിത്രക്കൊപ്പം ലക്ഷ്മി വേദി പങ്കിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

