വിദേശജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ
text_fieldsകോട്ടയം: വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് ദേവലോകം സ്വദേശിനിയായ യുവതിയിൽനിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
തമിഴ്നാട് തിരുവള്ളൂർ സ്വദേശി പി.വി. പ്രവീൺ (37), ഇയാളുടെ സഹോദരനായ പി.വി. പ്രവീഷ് (31) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് 2022ൽ ദേവലോകം സ്വദേശിനിയായ യുവതിയിൽനിന്ന് ചെന്നൈയിലുള്ള കൺസൾട്ടൻസി സ്ഥാപനം മുഖേന, യു.കെയിൽ സീനിയർ കെയർ നഴ്സായി ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 13,60,000 രൂപ പലതവണയായി വാങ്ങിയെടുക്കുകയായിരുന്നു. ഇതിനുശേഷം ഇവർ യുവതിക്ക് ഒറിജിനലാണെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് വ്യാജ സ്പോൺസർഷിപ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
ജോലി ലഭിക്കാതിരിക്കുകയും കൊടുത്ത പണം തിരികെ നല്കാതെവരികയും ചെയ്തതോടെ യുവതി ഇവര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലെ അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരെ വൈക്കം പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്. ഈസ്റ്റ് എസ്.എച്ച്.ഒ പി.എസ്. ഷിജു , എസ്.ഐമാരായ പി.എസ്. അരുൺകുമാർ , സജി ലൂക്കോസ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

