അക്ഷരനഗരിക്ക് തിലകക്കുറിയായി അക്ഷരമ്യൂസിയം; ശിലാസ്ഥാപനം ഇന്ന്
text_fieldsകോട്ടയം: അക്ഷരനഗരിയുടെ പേര് അന്വർഥമാക്കും വിധം ഭാഷക്കും സാഹിത്യത്തിനും സംസ്കാരത്തിനും ഊന്നൽ നൽകി സാഹിത്യ പ്രവർത്തക സഹകരണസംഘം നേതൃത്വത്തിൽ കോട്ടയത്ത് അക്ഷരമ്യൂസിയം നിർമിക്കുന്നു.
നാട്ടകം മറിയപ്പള്ളിയിൽ എം.സി റോഡരികിലുള്ള നാലേക്കർ സ്ഥലത്താണ് 25,000 ചതുരശ്രയടി വിസ്തീർണത്തിൽ അക്ഷരമ്യൂസിയം നിർമിക്കുന്നത്. പുസ്തകം തുറന്നുവെച്ച മാതൃകയിലാണ് കെട്ടിടത്തിന്റെ രൂപകൽപന. വെള്ളിയാഴ്ച വൈകീട്ട് നാലിന് നാട്ടകത്തുള്ള ഇന്ത്യ പ്രസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അക്ഷരമ്യൂസിയത്തിന്റെ ശിലാസ്ഥാപനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
അക്ഷരമ്യൂസിയം രാജ്യത്ത് ആദ്യത്തേത്
രാജ്യത്തെ ആദ്യത്തെ അക്ഷരമ്യൂസിയമാണ് കോട്ടയത്ത് സ്ഥാപിക്കുക. അന്തർദേശീയ നിലവാരത്തിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് നിർമാണം. പൂർണമായി പരിസ്ഥിതി-ഭിന്നശേഷി സൗഹാർദമായാണ് നിർമാണം.
പുരാവസ്തു, പുരാരേഖകളുടെ വിപുലമായ ശേഖരണവും സംരക്ഷണവും മുൻനിർത്തി ഗവേഷണ കേന്ദ്രം, ഡിജിറ്റൽ ഓഡിയോ ലൈബ്രറി, ഡിജിറ്റലൈസ്ഡ് രേഖകൾ സൂക്ഷിക്കാൻ യൂനിറ്റുകൾ, ഓഡിയോ-വിഡിയോ സ്റ്റുഡിയോ, മൾട്ടിപ്ലക്സ് തിയറ്റർ, തുറന്ന വേദിയിൽ കലാ, സാംസ്കാരിക പരിപാടികൾ നടത്താനാകുവിധം ആംഫി തിയറ്റർ, ചിൽഡ്രൻസ് പാർക്ക്, കഫറ്റീരിയ, ബുക്ക് സ്റ്റാൾ, സുവനീർ ഷോപ്, പുസ്തകങ്ങളുടെ പ്രഥമപതിപ്പുകളുടെ ശേഖരം, കോൺഫറൻസ് ഹാളുകൾ, വിദ്യാർഥികൾക്ക് ആർകൈവിങ്, എപ്പിഗ്രാഫി, പ്രിന്റിങ്, മ്യൂസിയോളജി, കൺസർവേഷൻ വിഷയത്തിൽ പഠന, ഗവേഷണ സൗകര്യങ്ങൾ മ്യൂസിയത്തിൽ ഒരുക്കും.
നാലുഘട്ടമായി മ്യൂസിയം
വരയിൽനിന്ന് ശ്രേഷ്ഠതയിലേക്ക്, കവിത- ഗദ്യസാഹിത്യം, വൈജ്ഞാനിക സാഹിത്യം, വിവർത്തനം എന്നിങ്ങനെ നാലുഘട്ടത്തിലായാണ് മ്യൂസിയം സ്ഥാപിക്കുക. വൈജ്ഞാനിക ചരിത്രവും സംസ്കൃതിയും കൂട്ടിക്കലർത്തി നിർമിക്കുന്ന മ്യൂസിയത്തിലെ ഓരോ വിഭാഗങ്ങളിൽനിന്ന് സന്ദർശകർക്ക് ലഭ്യമാകുന്ന അറിവുകൾ ദൃശ്യ, ശ്രവ്യ ക്രമീകരണങ്ങളോടെ വിശദീകരിക്കും. ഓരോ സന്ദർഭത്തിനനുസരിച്ചുള്ള ചുവർചിത്രരചനകളും ഉണ്ടാകും. ഇവയിൽ ഘട്ടംഘട്ടമായി വാമൊഴിയും പിന്നെ വരമൊഴിയും അച്ചടിയും തുടർന്നു സാക്ഷരത കൈവരിച്ചതു വരെയുള്ള നേട്ടങ്ങളും വരും. ഗുഹാചിത്രങ്ങൾ, അച്ചടിയുടെ ഉത്ഭവം മുതൽ ഗോത്രഭാഷ, സാക്ഷരത പ്രവർത്തനം, സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ചരിത്രം വരെ.
പ്രവേശന കവാടം കഴിഞ്ഞ് ഒന്നാംഘട്ടത്തിലെ ദൃശ്യ, ശ്രവ്യാനുഭവവും കഴിഞ്ഞാൽ നേരെ ഇടനാഴിയിലേക്കാണ് പ്രവേശനം. ആ ചുവരുകളിൽ ഫോക്ലോർ കലാരൂപങ്ങളുടെ ഡിജിറ്റൽ ആവിഷ്കാരവും ഉണ്ടായിരിക്കും. രണ്ടാം ഘട്ടത്തിൽ സംഘകാല കവിതകളിലൂടെയുള്ള സഞ്ചാരമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നാടൻപാട്ട്, സംഘകാല സാഹിത്യം, തമിഴകം ശാസനങ്ങൾ എന്നിവയിൽ തുടങ്ങി സമകാലിക കവിതകളിൽ വരെ എത്തിനിൽക്കുന്ന ദൃശ്യ, ശ്രവ്യ പ്രദർശനമുണ്ടാകും. മൂന്നാം ഘട്ടത്തിൽ കഥാസാഹിത്യവും നോവൽ സാഹിത്യവും ഉൾപ്പെടുത്തും. യക്ഷിക്കഥകൾ, മിത്തുകൾ, ഐതിഹ്യങ്ങൾ എന്നിവയുടെ ഓഡിയോ, വിഡിയോ, അനിമേഷൻ കാർട്ടൂണുകൾ ഉണ്ടാകും. നോവലുകളിലെ കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങളും എഴുത്തുകാരുടെ ജീവചരിത്രവും പ്രദർശിപ്പിക്കും.
വൈജ്ഞാനിക സാഹിത്യകാലമെന്ന നാലാംഘട്ടത്തിൽ ഭാഷ വിജ്ഞാനീയം, മലയാള വ്യാകരണ പഠനം, വൃത്തശാസ്ത്രം, അലങ്കാര ശാസ്ത്രം, നിഘണ്ടു, വിജ്ഞാന കോശം, നാട്ടറിവ് പഠനം, ചലച്ചിത്ര പഠനം, മനഃശാസ്ത്രം, മതം, തത്ത്വചിന്ത, ഭൂമിശാസ്ത്രം തുടങ്ങിയ വിവരവിജ്ഞാന രീതികൾ ഉൾപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

