ആനയുടെ ആക്രമണത്തിൽ വനപാലകന് പരിക്ക്
text_fieldsപരിക്കേറ്റ വനപാലകനെ ചുമന്ന് വനത്തിന് പുറത്തെത്തിക്കുന്നു
കുമളി: പെരിയാർ കടുവ സങ്കേതത്തിന്റെ തമിഴ്നാട് അതിർത്തി വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനപാലകന് പരിക്ക്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയും ഫോറസ്റ്ററുമായ (എസ്.എഫ്.ഒ) സജീഷ് രാജിനാണ് (47) പരിക്കേറ്റത്.
സുന്ദരമല സെക്ഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസറാണ് സജീഷ് രാജ്. ബുധനാഴ്ച ഡ്യൂട്ടി മാറിയതിനെ തുടർന്ന് മറ്റുള്ളവർക്കൊപ്പം തമിഴ്നാട് അതിർത്തി വഴി ഇറങ്ങി കേരളത്തിലേക്ക് വരുന്നതിനിടെയാണ് സംഭവം. കാട്ടിലൂടെ നടക്കുന്നതിനിടെ ആനക്ക് മുമ്പിലകപ്പെട്ട സജീഷിനെ ആന തട്ടിത്തെറിപ്പിക്കുകയായിരുന്നു.
സമീപത്തെ കട്ടമാടി പുഴയിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ സജീഷിനെ മറ്റുള്ളവർ ചേർന്ന് ആറ് കിലോമീറ്ററിലധികം ചുമന്നാണ് വനത്തിന് പുറത്തെത്തിച്ചത്. ഇവിടെനിന്നും പളിയങ്കുടി വഴി സ്വദേശമായ കാട്ടാക്കട, നെയ്യാർ മെഡിസിറ്റിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി.
പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ സുന്ദരമല, താമര ഉൾപ്പെടെ വിവിധ ഭാഗങ്ങളിലേക്ക് തേക്കടിയിൽനിന്നും വനപാലകർ തമിഴ്നാട് വഴിയാണ് പോകുന്നത്. 15 കിലോമീറ്ററിലധികം ദുർഘട കാനനപാതയിലൂടെ നടന്നുവേണം ഈ ഭാഗങ്ങളിലെ സ്റ്റേഷനുകളിലെത്താൻ. വനപാലകനെ അക്രമിച്ച ആനയെ നിരീക്ഷിക്കാൻ വനം വകുപ്പ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

