ഓണാഘോഷത്തിന് ഭക്ഷണം രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽനിന്ന് വാങ്ങണം : ഭക്ഷ്യസുരക്ഷ വകുപ്പ്
text_fieldsകോട്ടയം: രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽനിന്ന് മാത്രമേ ഓണാഘോഷ പരിപാടികൾക്കായി പാകം ചെയ്ത ഭക്ഷണം വാങ്ങാവൂവെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. ഭക്ഷണപ്പൊതികളിൽ പാക്ക് ചെയ്ത തീയതിയും സമയവും രണ്ടു മണിക്കൂറിനുള്ളിൽ കഴിച്ചിരിക്കണമെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പുമുണ്ടെന്ന് ഉറപ്പുവരുത്തണം.
ഇൻസ്റ്റന്റ് പായസം പോലുള്ളവ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകളിലേ വിതരണം ചെയ്യാവൂ. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഭക്ഷ്യ വസ്തുക്കളിൽ അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങൾ ചേർക്കുന്നതും പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഭക്ഷ്യ വസ്തുക്കളിൽ ഉപയോഗിക്കുന്നതും കുറ്റകരമാണ്.
ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷണം തയാറാക്കുന്ന മറ്റു കേന്ദ്രങ്ങളിലും ഭക്ഷണം പാകം ചെയ്യുന്നതിനും പാത്രം കഴുകുന്നതിനും മറ്റും ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ലാബോറട്ടറി പരിശോധന നടത്തി ഉറപ്പുവരുത്തണം. ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും വൈദ്യപരിശോധന നടത്തി മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കണമെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമീഷണർ അറിയിച്ചു.
ഭക്ഷ്യസുരക്ഷ നിയമം 2006 പ്രകാരം പൂർണമായ ലേബലും വിവരങ്ങളും ഇല്ലാതെ പാക്ക് ചെയ്ത ഭക്ഷണം സംഭരിക്കുകയും വിതരണം നടത്തുകയും വിൽക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ഭക്ഷ്യസുരക്ഷ സംബന്ധിച്ചുള്ള പരാതികൾ 18004251125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കണം.
പാൽ ഗുണനിലവാര പരിശോധന
കോട്ടയം: ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 20 മുതൽ 24 വരെ ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പാൽ ഗുണനിലവാര പരിശോധന സംഘടിപ്പിക്കും. വിപണിയിലുള്ള ഓരോ ബ്രാൻഡ് പാലിന്റെയും ഗുണനിലവാരം സൗജന്യമായി പരിശോധിക്കാനും പാലിന്റെ ഗുണനിലവാരം സംബന്ധിച്ച സംശയ നിവാരണത്തിനും അവസരമുണ്ട്. കോട്ടയം ഈരയിൽകടവിലുള്ള ക്ഷീര വികസന വകുപ്പിന്റെ ജില്ല ആസ്ഥാനത്ത് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് ഈ സൗകര്യമുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

