ശബരിമല തീര്‍ഥാടനം; ഹോട്ടലുകളിലെ ഭക്ഷണ വില നിശ്ചയിച്ചു
text_fieldsകോട്ടയം: ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് ജില്ലയിലെ ഇടത്താവളങ്ങളിലെയും തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെയും ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് കലക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവിട്ടു. ഇടത്താവളങ്ങളായ എരുമേലി, വൈക്കം, കടപ്പാട്ടൂര്‍, കോട്ടയം തിരുനക്കര, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെയും റെയില്‍വേ സ്റ്റേഷന്റെയും ബസ് സ്റ്റാന്‍ഡിന്റെയും പരിസരങ്ങളിലെ ഹോട്ടലുകള്‍ക്കും റെയില്‍വേ സ്റ്റേഷന്‍ കാന്റീനും തീര്‍ഥാടകര്‍ക്കായി നിജപ്പെടുത്തിയ നിരക്കുകള്‍ ബാധകമാണ്.
കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ ഹോട്ടല്‍ ആൻഡ് റസ്റ്റാറന്റ് അസോസിയേഷന്‍ ഭാരവാഹികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലെ തീരുമാനപ്രകാരമാണ് തീര്‍ഥാടകര്‍ക്കും ഒപ്പം വരുന്നവര്‍ക്കും മാത്രമായുള്ള വില നിശ്ചയിച്ചത്. വിലവിവരപട്ടിക ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണം.
തീര്‍ഥാടകര്‍ക്ക് ആവശ്യമെങ്കില്‍ പരാതി നല്‍കുന്നതിനായി പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍ നമ്പറും വില വിവരപ്പട്ടികയില്‍ ചേര്‍ക്കണം. നിശ്ചിത വിലയില്‍ കൂടുതല്‍ ഈടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും പരാതികളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ സംയുക്ത സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

