പ്രളയത്തിലും വെള്ളം കയറാതെ കടപ്രയിലെ ഫോമാ വീടുകൾ
text_fieldsതിരുവല്ല: പ്രളയത്തിലും വെള്ളംകയറാതെ തിരുവല്ല കടപ്രയിലെ ഫോമാ വീടുകൾ. പമ്പാ നദിയിൽ രണ്ട് മീറ്ററിലധികം വെള്ളം ഉയരുകയും തീരപ്രദേശങ്ങളിലെ പല വീടുകളിലും വെള്ളം കയറുകയും ചെയ്തുവെങ്കിലും അപ്പർകുട്ടനാട്ടിലെ ഈ വീടുകളിൽ വെള്ളം കയറിയില്ല. ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ജൂണിലാണ് 32 വീടുകൾ ഭവനരഹിതർക്കായി നിർമിച്ചത്.
ഇവയിൽ 11 എണ്ണത്തിന് ലൈഫ് മിഷെൻറ മൂന്നുലക്ഷം രൂപ വീതം ലഭിച്ചിരുന്നു. ബാക്കിയുള്ളവയെല്ലാം ഫോമയുടെ സ്വന്തം ചെലവിലാണ് പണിതത്. 450 ചതുരശ്ര അടിയുള്ള ഓരോ വീടും ആറ് തുണുകളിൽ ഉയർത്തിയാണ് നിർമിച്ചത്. തൂണുകൾക്ക് എട്ട് അടി വരെ ഉയരമുണ്ട്. അതിനാൽ വലിയ പ്രളയത്തിലും വെള്ളം കയറില്ല. ഓരോ വീടിനും ഏഴുലക്ഷം രൂപ വീതം ചെലവായി. ഫോമ പ്രസിഡൻറ് ഫിലിപ് ചാമത്തിലിെൻറ നേതൃത്വത്തിലായിരുന്നു നിർമാണം.