പേമാരി: തകർന്നടിഞ്ഞ് കൊക്കയാര്‍, മണിമല
text_fields കൊക്കയാര്‍ പഞ്ചായത്തിൽ ഉണ്ടായ നാശനഷ്ടങ്ങളിലൊന്ന്, മണിമല ടൗണിൽ വെള്ളംകയറിയ ഭാഗത്ത് നടക്കുന്ന ശുചീകരണം
കൊക്കയാര്‍: മണിക്കൂറുകളോളം പെയ്ത കനത്തമഴയില്‍ കൊക്കയാര്‍ പഞ്ചായത്തിലെ വെംബ്ലി, വടക്കേമല ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു, നൂറോളം വീടുകള്‍ തകര്‍ന്നു. ഒരുകോടിയിലധികം രൂപയുടെ നഷ്ടമാണ് കഴിഞ്ഞദിവസത്തെ കനത്തമഴയില്‍ പഞ്ചായത്തിെൻറ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായത്. പഞ്ചായത്തിലെ വെംബ്ലി, കനകപുരം, മേലോരം കൊക്കയാര്‍ പൂവഞ്ചി വാര്‍ഡുകളിലാണ് വ്യാപക നാശമുണ്ടായത്. നിരവധി പാലങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. വെംബ്ലി മിഷ്യന് പറമ്പില്‍ ജയേഷിെൻറ വീട് മഴയില്‍ തകര്‍ന്ന് ആറ്റിലൂടെ ഒഴുകി.
മൂലയില്‍ ശശികുമാര്‍, മഠത്തിനകം ജോയി, പുത്തന്‍വീട്ടില്‍ കുഞ്ഞുമോന്, ഈന്തനാംകുഴി ശ്രീകുമാര്‍, മൂലയില്‍ സന്തോഷ്, പിള്ളച്ചിറ കണ്ണന്കല്ലുപുരയ്ക്കല് നൗഷാദ്, മിഷ്യന് പറമ്പില്‍ ബിജു, കൊഴിപ്പുറം അമ്മിണി, കൊഴിപ്പുറം സിന്ധു, കൊഴിപ്പുറം മോഹനന്, കൊഴിപ്പുറം ഷാജി, കൊഴിപ്പുറം സാബു, പൈനുങ്കല്‍ തങ്കച്ചന്, പാലത്തിങ്കല്‍ സുല്‍ഫിക്കര്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. പുല്ലകയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് വെട്ടിക്കാനം ആറ്റോരം കോളനിയില്‍ മുപ്പതോളം വീടുകള്‍ ഒഴുകിപ്പോയി. കനകപുരം ലക്ഷംവീട് കോളനിയില്‍ നിരവധി വീടുകളില്‍ വെള്ളംകയറി ഒലിച്ചുപോയി. പഞ്ചായത്തിലെ നൂറോളം വീടുകളില്‍ ചളിമണ്ണ് കെട്ടിക്കിടക്കുകയാണ്. ഭാഗികമായി തകര്‍ന്ന വീടുകളില്‍ താമസിക്കാനാവാത്ത സ്ഥിതിയാണ്. വീടുകളില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ എല്ലാം വെള്ളം കൊണ്ടുപോയി. വയറിങ്ങുകള്‍ എല്ലാം പൂര്‍ണമായി തകര്‍ന്നു.
കൊക്കയാര്‍-വെംബ്ലി റോഡില്‍ പഞ്ചായത്ത് ഓഫിസിന് സമീപമുള്ള പാലം, വെംബ്ലി കമ്യൂണിറ്റി ഹാളിനു സമീപമുള്ള നടുപ്പുരട്ടുപാലം, പതിനഞ്ചു -നിരവുപാറ റോഡിലെ പാലം, നൂറേക്കര്‍ പാലം, വെട്ടിക്കാനം ആറ്റോരം പാലം, ചക്കനാല്‍ പാലം, പൂവഞ്ചി തൂക്കുപാലം, വെംബ്ലി തേന്‍പുഴ തൂക്കുപാലം എന്നിവയും തകര്‍ന്നു.
ഏന്തയാര്‍ പാലവും കൊക്കയാര്‍ പാലവും തകര്‍ന്നതിനെ തുടര്‍ന്ന് വെംബ്ലി, കുറ്റിപ്ലാങ്ങാട്, വടക്കേമല, ഉറുമ്പിക്കര മേഖലയിലെ ആളുകള്‍ക്ക് പുറംലോകവുമായുള്ള ബന്ധം പൂർണമായി നഷ്ടപ്പെട്ടു.
കൊക്കയാര്‍ പൊട്ടംകുളം എസ്റ്റേറ്റിലെ സ്വകാര്യ റോഡ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി തുറന്നുനല്‍കിയെങ്കിലും ചളിക്കുണ്ടായി കാല്‍നടപോലും ദുസ്സഹമായിരിക്കുകയാണ്. വടക്കേമലയിലും ഒമ്പത് വീടുകള്‍ തകര്‍ന്നു. നിരവധി കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. കനകപുരത്ത് ഉണ്ടായ ഉരുള്‍പൊട്ടല്‍ വ്യാപക നാശമാണ് വിതച്ചത്. വെംബ്ലി- കനകപുരം റോഡില്‍ കലുങ്കുകള്‍ തകര്‍ന്നു.
അഴങ്ങാട് ഗ്രാമം ഒറ്റപ്പെട്ടനിലയിൽ
പാപ്പാനി മലവെള്ളപ്പാച്ചിലില്‍ വെംബ്ലി മഹാമായ ദേവീക്ഷേത്രത്തിന് കേടുപാടുകള്‍ ഉണ്ടായി, വെംബ്ലി മസ്ജിദുല്‍ ഹിദായിെൻറ ശുചിമുറി, മൂത്രപുര എന്നിവ ഒലിച്ചുപോയി. വെംബ്ലി, പൈനുങ്കല്‍ സാബു സ്വാമി, പൈനുങ്കല്‍ ഉണ്ണി, പള്ളിവാതുക്കല്‍ കരുണാകരന്, മണ്ണില്‍ മുഹമ്മദ് അലി, പുതുപ്പറമ്പില്‍ നൗഷാദ്, മരുതുംകുന്നേല്‍ സതീഷ്, പുത്തന്‍വീട്ടില്‍ റഷീദ, ഇല്ലികുളത്ത് യശോധരന്, കോക്കാട്ടുവടക്കേതില് രവീന്ദ്രന്, കോക്കാട്ടു വടക്കേതില്‍ സത്യന്, കിണറ്റുങ്കല്‍ കെ.എല്‍. ദാനിയേല്‍ എന്നിവരുടെ കൃഷി ഭൂമിയും മലവെള്ളപ്പാച്ചിലില്‍ നഷ്ടമായി. മേലോരം അഴങ്ങാട്ട് നെല്ലിമല ടോമിയുടേതടക്കം എട്ടോളം വീടുകള്‍ ഭാഗികമായി തകര്‍ന്നിരിക്കുകയാണ്. അഴങ്ങാട് ഗ്രാമം ഒറ്റപ്പെട്ടനിലയിലാണ്.
ക്ഷീരമേഖലയിൽ 18 ലക്ഷത്തിെൻറ നഷ്ടം
കോട്ടയം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ജില്ലയിലെ ക്ഷീരമേഖലയിൽ 18 ലക്ഷം രൂപയുടെ നാശമുണ്ടായതായി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു അറിയിച്ചു. പ്രാഥമിക കണക്കാണിത്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ ബ്ലോക്കുകളിലാണ് നഷ്ടം. ഒമ്പതു തൊഴുത്തുകൾ പൂർണമായും 11 എണ്ണം ഭാഗികമായും തകർന്നു. രണ്ടു പശുക്കൾ ചത്തു. നൂറുചാക്ക് കാലിത്തീറ്റയും 1000 കിലോ വൈക്കോലും വെള്ളം നനഞ്ഞ് നശിച്ചു. നാലര ഏക്കർ തീറ്റ പുൽകൃഷി തോട്ടം വെള്ളത്തിൽ മുങ്ങി.
ദുരന്ത സാഹചര്യത്തിൽ 2500 ലിറ്റർ പാൽ സംഭരിക്കാനും വിതരണം ചെയ്യാനും സാധിക്കാതെവന്നതിനെ തുടർന്നും സാമ്പത്തിക നഷ്ടമുണ്ടായി. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ക്ഷീരസംഘളുടെ കെട്ടിടങ്ങൾക്കും പാൽ പരിശോധന ഉപകരണങ്ങൾക്കും നാശമുണ്ടായി.
മണിമല പൂർവസ്ഥിതിയിലാക്കാൻ ദിവസങ്ങളെടുക്കും
മണിമല: മണിമലയാർ കരകവിഞ്ഞുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിെൻറ ദുരിതത്തിൽനിന്ന് മണിമല ടൗണും പരിസരപ്രദേശങ്ങളും സാധാരണ നിലയിലാകുവാൻ ദിവസങ്ങളെടുക്കും. ടൗണിെൻറ ഒരുഭാഗം വെള്ളാവൂർ പഞ്ചായത്തും മറുഭാഗം മണിമല പഞ്ചായത്തുമാണ്.
വെള്ളാവൂർ പഞ്ചായത്തിെൻറ ഭാഗമായ ബസ് സ്റ്റാൻഡ് മുതൽ മൂങ്ങാനി വരെയുള്ള ഭാഗത്താണ് വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചത്. ഇവിടെ 140 വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി. കടകൾക്കുള്ളിലെ സാധനങ്ങൾ ഉപയോഗശൂന്യമാവുകയും ഉൾഭാഗം മാലിന്യംനിറഞ്ഞ നിലയിലുമാണ്. പല ഇരുനില കെട്ടിടങ്ങളുടെയും ഒന്നാംനില മുഴുവനായും ചളിനിറഞ്ഞിരിക്കുകയാണ്.
കടകൾ കഴുകി വൃത്തിയാക്കിയെടുക്കാൻതന്നെ ദിവസങ്ങൾ വേണ്ടിവരും. വെള്ളാവൂർ പഞ്ചായത്തിൽ നിരവധി വീടുകൾക്കും വെള്ളം കയറി കേടുപാടുകൾ സംഭവിക്കുകയും വീട്ടുപകരണങ്ങൾ ഉപയോഗശൂന്യമാവുകയും ചെയ്തു. മണിമല പൊലീസ് സ്റ്റേഷനുള്ളിലും വെള്ളം കയറിയതിനെ തുടർന്ന് പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ടൗണിലെ കറുകച്ചാൽ റോഡും വെള്ളാവൂർ തീരദേശ റോഡും വെള്ളമിറങ്ങിയപ്പോൾ ചളിനിറഞ്ഞ നിലയിലാണ്. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും റോഡ് കഴുകി വൃത്തിയാക്കി ഗതാഗതയോഗ്യമാക്കുകയാണ്. കനത്ത വെള്ളപ്പാച്ചിലിൽ റോഡിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിനും അറ്റകുറ്റടപ്പണി അനിവാര്യമാണ്. മണിമല പഞ്ചായത്തിലും പ്രളയജലം ദുരിതംവിതച്ചു. ഇവിടെ 55 കടകൾക്കും 60 വീടുകൾക്കും വെള്ളത്തിെൻറ കുത്തൊഴുക്കിൽ കേടുപാടുകൾ സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

