പ്രളയത്തെ അതിജീവിച്ച് വ്യാപാര മേഖല തിരിച്ചുവരവിന്‍റെ പാതയിൽ
text_fieldsപ്രളയത്തിന് ശേഷം ഓണ സീസൺ ലക്ഷ്യമാക്കി ഈരാറ്റുപേട്ടയിലെ വിപണി ഉണർന്നപ്പോൾ
ഈരാറ്റുപേട്ട: നാടും നഗരവും മുങ്ങിയ അപ്രതീക്ഷിത പ്രളയത്തിന് ഒരാഴ്ച പിന്നിടുമ്പോൾ, സാധാരണ നിലയിലേക്ക് മടങ്ങിയെത്തി ഈരാറ്റുപേട്ടയിലെ കച്ചവടമേഖല. ഉരുൾപൊട്ടലിലും പ്രളയത്തിലും വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി വലിയ നഷ്ടം നേരിട്ടെങ്കിലും പ്രതിസന്ധികളിൽ തളരാതെ ഒന്നിച്ചുനിന്ന് തിരിച്ചുവരവിന്‍റെ മാതൃക സൃഷ്ടിക്കുകയാണ് ഇവിടുത്തെ വ്യാപാരികൾ.
ഓണവിപണി മുന്നിൽ കണ്ട് ഇറക്കിയ സാധനങ്ങളാണ് കൂടുതലും വെള്ളം കയറി നശിച്ചത്. വസ്ത്രങ്ങൾ, പലചരക്ക്, ഇലക്ട്രോണിക്സ്, ഫർണിച്ചർ ഉൽപന്നങ്ങൾക്കാണ് വലിയ നാശനഷ്ടം സംഭവിച്ചത്. സ്ഥാപനങ്ങളിൽ കയറിയ വെള്ളം മണിക്കൂറുകൾക്കകം ഇറങ്ങിയെങ്കിലും കടകളെ സാധാരണ നിലയിലാക്കാൻ അക്ഷീണം പ്രവർത്തിക്കേണ്ടിവന്നു.
പ്രളയജലം ഒഴിഞ്ഞ നിമിഷം മുതൽ കച്ചവടക്കാരും തൊഴിലാളികളും കൈകോർത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. സ്ഥാപനങ്ങളിൽ അടിഞ്ഞുകൂടിയ ചളിയും മാലിന്യങ്ങളും രാപ്പകലില്ലാതെ പ്രയത്നിച്ച് നീക്കം ചെയ്തതോടെ ചുരുങ്ങിയ ദിവസങ്ങൾക്കകം ഭൂരിഭാഗം കടകളും പൂർവസ്ഥിതിയിലാക്കാൻ വ്യാപാരികൾക്ക് കഴിഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ നാടൊന്നാകെ വ്യാപാരികൾക്ക് താങ്ങായി നിലയുറപ്പിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്. വിവിധ സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ നേരിട്ടെത്തിയാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. വ്യാപാരികളെ സഹായിക്കാനും തകർന്നുപോയ വിപണിയെ തിരികെ കൈപിടിച്ചുയർത്താനും നഗരസഭയുടെ നേതൃത്വത്തിലും വൻ പിന്തുണയാണ് നൽകിയത്.
കൂട്ടായ്മയുടെയും അതിജീവനത്തിന്‍റെയും കരുത്തിൽ വ്യാപാര സ്ഥാപനങ്ങൾ വീണ്ടും സജീവമാകുന്നതോടെ ഈരാറ്റുപേട്ട നഗരത്തിലേക്ക് ഉപഭോക്താക്കളും തിരികെയെത്തിത്തുടങ്ങി. പുതിയ സ്റ്റോക്കുകൾ ഇറക്കി വ്യാപാര മേഖല കൂടുതൽ ഊർജിതമാക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

