കോട്ടയത്ത് അഞ്ചുപേർക്കുകൂടി കുഷ്ഠം; സ്ത്രീയും എട്ടുവയസ്സുള്ള ആൺകുട്ടിയുമടക്കം 13 പേർ ചികിത്സയിൽ
text_fieldsകോട്ടയം: ജില്ലയിൽ ആറുമാസത്തിനിടെ അഞ്ചുപേർക്കുകൂടി കുഷ്ഠം സ്ഥിരീകരിച്ചു. നിലവിൽ ഒരു സ്ത്രീയും എട്ടുവയസ്സുള്ള ആൺകുട്ടിയുമടക്കം 13 പേരാണ് ചികിത്സയിലുള്ളത്. പുതിയതായി കുട്ടികളിൽ രോഗം കണ്ടെത്തിയിട്ടില്ല. അന്തർസംസ്ഥാന തൊഴിലാളിയുടെ മകനായ ആൺകുട്ടി നേരത്തേ ചികിത്സയിലുണ്ടായിരുന്നതാണ്.
മറ്റു ജില്ലകളിൽ കുഷ്ഠബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും കോട്ടയത്തെ സംബന്ധിച്ച് രോഗികളുടെ എണ്ണം കുറവാണെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. കോവിഡ് സാഹചര്യമായിരുന്നതിനാൽ കഴിഞ്ഞ വര്‍ഷം കണ്ടുപിടിച്ച കുഷ്ഠബാധിതരുടെ എണ്ണം സംസ്ഥാനതലത്തിൽ കുറവായിരുന്നു.
ശരാശരി 15 രോഗികൾവരെ ഓരോ വർഷവും ഉണ്ടാകാറുണ്ട്. രോഗം ഗുരുതരമായി ബാധിച്ചവരും അംഗവൈകല്യം സംഭവിച്ചവരും ജില്ലയിലില്ല. 2020-21 സാമ്പത്തിക വർഷം ഒമ്പതും 2021-22 വർഷം ഏഴും കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കുഷ്ഠത്തിനുള്ള ചികിത്സ എല്ലാ സർക്കാർ ആശുപത്രിയിലും സൗജന്യമായി ലഭ്യമാണ്. ആരംഭത്തിലേ കണ്ടുപിടിച്ചു ചികിത്സിച്ചാൽ പൂര്‍ണമായി ഭേദമാക്കാം. നിറം മങ്ങിയതോ ചുവന്നതോ ആയ സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കുക, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങൾ, വൈകല്യങ്ങള്‍ എന്നിവയാണു ലക്ഷണങ്ങൾ.
പ്രതിരോധ ശേഷി കുറഞ്ഞവരിലാണു രോഗം പ്രത്യക്ഷപ്പെടാറുള്ളത്. പ്രാരംഭ ദശയിൽ കണ്ടെത്തിയാൽ ആറുമാസവും അല്ലെങ്കിൽ 12 മാസവുമാണ് ചികിത്സ നൽകുന്നത്. മരുന്ന് കഴിക്കുമ്പോൾ തന്നെ രോഗാണു നശിച്ചുതുടങ്ങുമെന്നതിനാൽ ചികിത്സ സമയം രോഗം പകരാറില്ല. 1000 ആളുകൾക്ക് രണ്ടുപേരെന്ന നിലയിൽ ജില്ലയിൽ വളന്റിയർമാർ ബോധവത്കരണ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

