മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി അഞ്ചംഗ സംഘം പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
മുണ്ടക്കയം ഈസ്റ്റ്: മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. ബുധനാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. പെരുവന്താനം എസ്.ഐ എം.എ.ബിനോയി, സീനിയർ സി.പി.ഒ ജിനീഷ് ദാസ്, സി.പി.ഒ ജോമോൻ എന്നിവർ വാഹന പരിശോധന നടത്തുന്നതിനിടെ ഇടുക്കി ഭാഗത്ത് നിന്നും വന്ന ജീപ്പ് നിർത്താതെ പോവുകയായിരുന്നു.
വാഹനത്തിന്റെ നമ്പർപ്ലേറ്റ് മണ്ണ് ഉപയോഗിച്ച് മറച്ചനിലയിലായിരുന്നു. ഇതോടെ പൊലീസ് വാഹനത്തിന് പിന്നാലെപോയി. ഈസമയം മുണ്ടക്കയം അതിർത്തിയിൽ ചെക്കിങ് നടത്തുകയായിരുന്ന മുണ്ടക്കയം പൊലീസ് കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ല. ഹൈവേ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി ഭാഗത്ത് അതുവഴി വന്ന ടൂറിസ്റ്റ് ലോറി കുറുകെയിട്ട് വാഹനം തടഞ്ഞു.
വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. അഞ്ചാളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടകരമായ രീതിയിലാണ് ഇവർ വാഹനം ഓടിച്ചത്. പത്തനാട് നെടുംകുന്നം സ്വദേശികളായ അനന്തു ഷാജി (22,) മിഥുൻ (21), അഖിൽ (24), ജിബിൻ (23), ഷിബിൻ (18) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ വാഹനത്തിൽ അഞ്ച് ഗ്യാസ് സിലിണ്ടറുകളും ബൈക്കും ഉണ്ടായിരുന്നു. പീരുമേട്ടിലെ റിസോർട്ടിൽനിന്നും മോഷ്ടിച്ചതാണ് ഗ്യാസ് സിലിണ്ടർ എന്ന് കണ്ടെത്തി. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ പീരുമേട് സ്റ്റേഷനിലേക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

