അതിദരിദ്രരില്ലാത്ത കേരളം; ആദ്യമെത്തിയ അഭിമാനത്തിൽ കോട്ടയം
text_fieldsകോട്ടയം: കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചപ്പോൾ ആദ്യചുവട് വച്ചതിന്റെയും പൂർത്തിയാക്കിയതിന്റെയും അഭിമാനത്തിൽ ജില്ല. 2025 ജൂൺ 28നാണ് കോട്ടയത്തെ സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി തദ്ദേശ മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപിച്ചത്. അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്താനുള്ള വിവരശേഖരണ പ്രക്രിയ 2021 ഒക്ടോബറിൽ ആരംഭിച്ചു.
2022 ജനുവരി 10ന് അതിദാരിദ്ര്യ നിർണയ പ്രക്രിയ സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ച ജില്ലയായി കോട്ടയം. 903 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഇവരുടെ പുനരധിവാസത്തിനും ഉപജീവനത്തിനുമായി 2022 ആഗസ്റ്റിൽ 978 മൈക്രോപ്ലാനുകൾ തയാറാക്കി കോട്ടയം വീണ്ടും മുന്നിലെത്തി.
2022 ഒക്ടോബറിൽ സംസ്ഥാനത്ത് ആദ്യമായി നിർവഹണം ആരംഭിച്ചതും കോട്ടയത്താണ്. ഭക്ഷണത്തിനു ബുദ്ധിമുട്ടു നേരിട്ട കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം, ആഹാരം പാകം ചെയ്യാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് പാകം ചെയ്തു ഭക്ഷണം തുടങ്ങിയവ ലഭ്യമാക്കി തുടരുന്നുണ്ട്. നിലവിൽ 540 പേർക്ക് ഭക്ഷണം നൽകുന്നു. മരുന്നുകൾ ആവശ്യമുള്ള 693 കുടുംബങ്ങൾക്ക് അവ ലഭ്യമാക്കി. 206 കുടുംബങ്ങൾക്ക് പാലിയേറ്റിവ് കെയർ സേവനങ്ങൾ നൽകുന്നു. ആറ് കുടുംബങ്ങൾക്ക് ആരോഗ്യ സുരക്ഷാ സാമഗ്രി ലഭ്യമാക്കി.
വരുമാനമാർഗം ഇല്ലാതിരുന്ന 155 കുടുംബങ്ങൾക്ക് അതിന് സൗകര്യമൊരുക്കി. വീട് മാത്രം ആവശ്യമായ 67 കുടുംബങ്ങൾക്ക് വീട് ഉറപ്പാക്കി. വീടും വസ്തുവും ആവശ്യമായ 50 കുടുംബങ്ങൾക്ക് അതും ഉറപ്പാക്കി. 22 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി. ലൈഫ് പദ്ധതി, പി.എം.എ.വൈ പദ്ധതി, സ്പോൺസർഷിപ്പ്, മറ്റ് സന്നദ്ധ സംഘടനകളുടെ സഹായം വഴിയാണ് ഇവ യാഥാർഥ്യമാക്കിയത്.
490 ഗുണഭോക്താക്കൾക്ക് ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മറ്റു തിരിച്ചറിയൽ കാർഡുകൾ അടക്കം അവകാശ രേഖകൾ ലഭ്യമാക്കി. 55 വിദ്യാർർഥികൾക്കു സൗജന്യ ബസ്പാസ് ലഭ്യമാക്കി. ഈ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനൊപ്പം പഠനമാർഗ നിർദേശ പരിപാടികളും ഒരുക്കി. അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവരെ പുനരധിവസിപ്പിക്കാനും ചികിത്സയ്ക്കും നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

