പെൺകരുത്തിൽ തിളങ്ങാൻ അഗ്നിരക്ഷാസേന
text_fieldsകോട്ടയം അഗ്നിരക്ഷാസേനയിൽ ചുമതലയേറ്റ അപർണ കൃഷ്ണനും ഗീതുമോളും
കോട്ടയം: നൂറ്റൊന്നിലേക്കു വിളിച്ചാൽ ഓടിയെത്താൻ ഇനി വനിതകളുമുണ്ടാവും. രണ്ട് വനിതകളാണ് തിങ്കളാഴ്ച മുതൽ കോട്ടയം സ്റ്റേഷന്റെ ഭാഗമായത്. പാമ്പാടി സ്വദേശിനി അപർണ കൃഷ്ണനും പുതുപ്പള്ളി സ്വദേശിനി ഗീതുമോളും. അടുത്തിടെയാണ് 82 വനിതകൾ പരിശീലനം പൂർത്തിയാക്കി സേനയിലെത്തിയത്. മാർച്ച് ഏഴിനായിരുന്നു പാസിങ് ഔട്ട് പരേഡ്. തിങ്കളാഴ്ച രാത്രി ഒന്നരക്ക് വേളൂരിലെ തീപിടിത്തമായിരുന്നു ഇവരുടെ ആദ്യ ജോലി. പുലർച്ചെ നാലരക്കാണ് സ്റ്റേഷനിൽ തിരിച്ചെത്തിയത്. വിയ്യൂർ ഫയർ ആൻഡ് റെസ്ക്യൂ അക്കാദമിയിലായിരുന്നു 150 ദിവസത്തെ പരിശീലനം. മലകയറ്റം, സ്കൂബ ഡൈവിങ്, സി.പി.ആർ പരിശീലനം തുടങ്ങിയവയെല്ലാം വിജയകരമായി പൂർത്തിയാക്കി. അഗ്നിരക്ഷ ഉപകരണങ്ങൾ ഉപേയാഗിക്കാനും പരിശീലിച്ചു. ഇനി ആറുമാസം സ്റ്റേഷൻ പരിശീലനമാണ്. ഏറെ ഇഷ്ടപ്പെട്ടാണ് രണ്ടുപേരും ഈ സർവിസിലെത്തിയത്.
എം.ജി യൂനിവേഴ്സിറ്റി കാമ്പസിൽനിന്ന് എം.എസ്.സി ഫിസിക്സ് കഴിഞ്ഞ അപർണ സ്റ്റാഫ് സെലക്ഷൻ പരീക്ഷക്ക് തയാറെടുക്കുന്നതിനിടയിലാണ് അഗ്നിരക്ഷാ സേനയിലേക്ക് അപേക്ഷിച്ചത്. കാര്യമായി തന്നെ പഠിച്ചു പരീക്ഷയെഴുതി. പരേതനായ പ്ലാത്താനത്ത് പി.വി. രാധാകൃഷ്ണൻ നായരുടെയും എം.പി. ശോഭനയുടെയും മകളാണ്. സഹോദരൻ അർജുൻ സായികൃഷ്ണ എൽ.എൽ.ബി കഴിഞ്ഞ് ലീഗൽ മാനേജരായി ജോലിചെയ്യുന്നു. എം.എസ്.സി ബയോകെ്നോളജി കഴിഞ്ഞ് പി.എസ്.സി പരീക്ഷ എഴുതുന്നതിനിടയിലാണ് ഗീതുമോൾ ഫയർവുമണിനും അപേക്ഷിച്ചത്. കൈതേപ്പാലം പരിയാരം കൊടൂപ്പറമ്പിൽ കെ.എൻ. മോഹനന്റെയും എം.കെ. ലീലമ്മയുടെയും മകളാണ്. സഹോദരൻ ഹരിശങ്കർ എം.ആർ.എഫിൽ ജോലിചെയ്യുന്നു. അഞ്ച് പേരെയാണ് ജില്ലയിൽ നിയമിച്ചിട്ടുള്ളത്. ഇതിൽ ഒരാൾ അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി അടുത്ത ദിവസം ഇറങ്ങും. രണ്ടു പേർ മൂന്നാമത്തെ ബാച്ചിനൊപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

