ചെത്തിപ്പുഴ വില്ലേജ് ഓഫിസിൽ തീപിടിത്തം
text_fieldsതീപിടിത്തമുണ്ടായ ചെത്തിപ്പുഴ വില്ലേജ് ഓഫിസില്‍ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ
സന്ദര്‍ശനം നടത്തുന്നു
ചങ്ങനാശ്ശേരി: വാഴൂർ റോഡിൽ വലിയകുളത്തിന് സമീപം ചെത്തിപ്പുഴ വില്ലേജ് ഓഫിസിൽ തീപിടിത്തം. ഫോട്ടോസ്റ്റാറ്റ് മെഷീനും കമ്പ്യൂട്ടറും ഉൾപ്പെടെ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. അടുത്തുള്ള സ്മാർട്ട് വില്ലേജ് ഓഫിസിലേക്ക് നിർമാണ സാമഗ്രികളുമായി പുലർച്ച വാഹനം എത്തുമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് എത്തിയ തൊഴിലാളികളാണ് വില്ലേജ് ഓഫിസ് കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിച്ചു.
ചില ഫയലിലേക്കും തീ പടർന്നെങ്കിലും ഇതിലെ വിവരങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. പഴയ രസീതുകൾ, പോക്കുവരവ് ചെയ്തതിന്റെ പേപ്പറുകൾ, ഫോട്ടോസ്റ്റാറ്റ് പേപ്പറുകൾ എന്നിവയിലേക്കാണ് തീ പടർന്നത്. തീ അണക്കാനുള്ള ശ്രമത്തിനിടയിൽ ഫയലുകൾ ചിലത് നനയുകയും ചെയ്തിരുന്നു. ഓഫിസിന്റെ ഉൾവശം പൂർണമായി കരിപിടിച്ച നിലയിലാണ്. ഫയലുകളിലും കരിപിടിച്ചു.
ഫോട്ടോസ്റ്റാറ്റ് മെഷീൻ സൂക്ഷിച്ച മുറിയിൽനിന്നാണ് തീ പടർന്നത്. ഇവിടത്തെ സ്വിച്ച് ബോർഡും വയറിങ്ങും കത്തിനശിച്ചു. ടൈലുകളും പൊട്ടി.തഹസിൽദാർ ടി.ഐ. വിജയസേനൻ ഉൾപ്പെടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി.കലക്ടർ ഡോ. പി.കെ. ജയശ്രീയും ഓഫിസിൽ എത്തി. അറ്റകുറ്റപ്പണി പൂർത്തിയാകുന്നതു വരെ ചെത്തിപ്പുഴ വില്ലേജ് ഓഫിസിന്റെ പ്രവർത്തനം താൽക്കാലികമായി ചങ്ങനാശ്ശേരി താലൂക്ക് ഓഫിസിലേക്ക് മാറ്റി. പുതുതായി നിർമിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫിസിന്റെ ജോലി ഉടൻ പൂർത്തിയാക്കാനും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

