മെത്ത ഫാക്ടറിയിൽ തീപിടിത്തം; ഒരുകോടിയുടെ നഷ്ടം
text_fieldsകോട്ടയം: വയലായിൽ മെത്ത ഫാക്ടറിയിൽ വൻ തീപിടിത്തം. കമ്പനി പൂർണമായും അഗ്നിവിഴുങ്ങി. വയല സ്കൂൾ ജങ്ഷനുസമീപം പ്രവർത്തിക്കുന്ന റോയൽ ഫോം കമ്പനിയിലാണ് ഞായറാഴ്ച ഉച്ചക്ക് 12.30ന് തീപിടിത്തമുണ്ടായത്. ഒരുകോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.
ഏറ്റുമാനൂർ സ്വദേശി പി.വി. ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. അവധിദിനമായിരുന്നതിനാൽ ഫാക്ടറിയിൽ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കമ്പനിയിൽനിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. ഇവർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.
എന്നാൽ, തകര ഷീറ്റുകൾ കൊണ്ട് ചുറ്റും മറച്ചിരുന്നതിനാൽ അകത്തേക്ക് വെള്ളമൊഴിച്ച് തീ നിയന്ത്രണവിധേയമാക്കാനായില്ല. അതിവേഗമായിരുന്നു തീ പടർന്നത്. ഫാക്ടറിയിൽ മെത്ത നിർമാണത്തിനായി ഉപയോഗിക്കുന്ന റബർ ഫോം, സ്പോഞ്ച്, കയർ, തുണി എന്നിവയിലേക്ക് തീ പടർന്നതോടെ അഗ്നിനാളങ്ങൾ വലിയതോതിൽ ഉയർന്നു. ഇതോടെ നാടും ആശങ്കയിലായി. ഇതിനിടെ പുക ശ്വസിച്ച് സമീപവാസികൾക്ക് ചുമയും ശ്വസതടസ്സവും അനുഭവപ്പെട്ടു.
പിന്നാലെ അഗ്നിരക്ഷ സേനയെത്തി തീയണക്കാൻ ആരംഭിച്ചു. പാലാ, കടുത്തുരുത്തി തുടങ്ങിയ ഫയർ സ്റ്റേഷനുകളിൽനിന്ന് അഞ്ചോളം ഫയർ യൂനിറ്റുകൾ മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പുക അടങ്ങാതിരുന്നതോടെ ജെ.സി.ബി എത്തിച്ച് കത്തിയ സ്പോഞ്ച് അടക്കമുള്ള ഉൽപന്നങ്ങൾ ഇളക്കിയശേഷം വീണ്ടും വെള്ളമൊഴിച്ച് പൂർണമായി തീകെടുത്തി. ഇതോടെയാണ് പൂർണമായും പുകക്കും ശമനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

