ആദ്യം ചെറിയ തീ; നിമിഷങ്ങൾക്കകം കത്തിപ്പടർന്നു
text_fieldsകോട്ടയം: കെ.പി.പി.എല്ലിലെ പേപ്പർ പ്ലാന്റിൽ ആദ്യം തീ കണ്ടത് 160 ഡിഗ്രി സെൽഷ്യസ് ചൂടിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഡ്രയറിനു സമീപം. ഡ്രയറിലൂടെ വലിയ തോതിൽ സ്റ്റീം കടത്തിവിട്ടാണ് പൾപ്പ് പേപ്പറാക്കി മാറ്റുന്നത്. സാധാരണ പേപ്പർ മെഷീന്റെ അറ്റകുറ്റപ്പണി ഡ്രയർ സ്വിച്ച്ഓഫ് ചെയ്ത് 24 മണിക്കൂർ കഴിഞ്ഞ് തണുത്ത ശേഷമാണ്.
അത്ര ചൂടായിരിക്കും ഡ്രയറിനു സമീപം. ചെറിയ തോതിലുള്ള തീ കണ്ട് മിനിറ്റുകൾക്കകം കത്തിപ്പടരുകയായിരുന്നു. തീ പടർന്നുപിടിച്ചതോടെ ആർക്കും പരിസരത്ത് നിൽക്കാനാവാത്ത അവസ്ഥയായി. ഈ സമയം 40 അടി ഉയരത്തിൽ പ്ലാന്റിൽ തൊഴിലാളികൾ ജോലി ചെയ്തിരുന്നു.
മൂന്നു ഷിഫ്റ്റായാണ് പ്ലാന്റിൽ ജോലിക്കാരുള്ളത്. അഞ്ചു വരെയുള്ള ഷിഫ്റ്റിലെ ജോലിക്കാർ പോയിരുന്നു. രണ്ടു മുതൽ 10 വരെയുള്ള രണ്ടാം ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ആറുപേരാണ് പ്ലാന്റിൽ ഉണ്ടായിരുന്നത്. ഡ്രയർ പ്രവർത്തിപ്പിച്ച് പേപ്പർ ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്ലാന്റിൽ. തീ കണ്ടതോടെ തൊഴിലാളികൾ ഉടൻ താഴെയിറങ്ങി കമ്പനിയിലെ അഗ്നിരക്ഷാ സംവിധാനം ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചു. എന്നാൽ, പെട്ടെന്ന് തീ പടർന്നുപിടിക്കുകയായിരുന്നു.
ചുറ്റും കറുത്ത പുകയും കടുത്ത ചൂടും ആയതോടെ തൊഴിലാളികൾക്ക് അടുക്കാനായില്ല. മെഷീന്റെ ബെയറിങ്ങുകളിലെ ഓയിലിനു തീപിടിച്ചതാകാം വലിയ അഗ്നിബാധക്കും കറുത്ത പുകക്കും കാരണമായതെന്നാണ് കരുതുന്നത്. നിർമാണ പ്രവർത്തനത്തിനിടെ ഉപയോഗിക്കുന്ന പോളിയൂറിത്തീൻ, പ്ലാസ്റ്റിക് തുടങ്ങിയവകൊണ്ടുള്ള സ്ക്രീനുകളും തീപിടിത്തത്തിന് ആക്കംകൂട്ടി. സർക്യൂട്ട് കേബിൾ, ഇലക്ട്രിക് കേബിൾ, കൺട്രോൾ കേബിൾ എന്നിവയും കത്തിനശിച്ചു.
വൈകീട്ട് 6.15ന് ഉണ്ടായ തീപിടിത്തം 8.30ഓടെയാണ് പൂർണമായി അണച്ചത്. നേരത്തേ ഇത്തരത്തിൽ ചെറിയ തീപിടിത്തങ്ങളുടെ സാധ്യതയെല്ലാം യഥാസമയം കണ്ടെത്തി ഇല്ലാതാക്കാൻ തൊഴിലാളികൾക്ക് കഴിഞ്ഞിരുന്നു. എന്നാൽ, തീ നിയന്ത്രണാതീതമായതോടെ പിന്മാറേണ്ടി വന്നു. കെമിക്കലുകൾ അടങ്ങിയ പ്ലാന്റിലെ തീപിടിത്തം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തൊഴിലാളികൾക്ക് അറിയുമായിരുന്നില്ല.
പുക ശ്വസിച്ച് ചിലർക്ക് അസ്വസ്ഥതകളുണ്ടായതും ഇവരെ ഭീതിയിലാക്കി. മെഷീനു സമീപം 1500 ലിറ്റർ ശേഷിയുള്ള ഓയിൽ ടാങ്കും മണ്ണെണ്ണ ടാങ്കും ഉണ്ടായിരുന്നു. ഇതിലേക്ക് തീ പടരാതിരുന്നത് കൂടുതൽ അപകടം ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

