നഗരസഭയിലെ സാമ്പത്തിക തട്ടിപ്പ്: പണം തിരിച്ചടപ്പിച്ചു
text_fieldsകോട്ടയം നഗരസഭ
കോട്ടയം: നഗരസഭയിൽ സസ്പെൻഷനിലായ ജീവനക്കാരനു മുഴുവൻ ശമ്പളവും ഉപജീവനബത്തയും നൽകിയ സംഭവത്തിൽ പണം തിരിച്ചടപ്പിച്ച് തലയൂരി അധികൃതർ. സസ്പെൻഷനിലുള്ള ജീവനക്കാരനെക്കൊണ്ടാണ് അധികം നൽകിയ തുക തിരിച്ചടപ്പിച്ചത്. വീഴ്ച വരുത്തിയ ഹെൽത്ത് വിഭാഗം സൂപ്രണ്ടിനെക്കൊണ്ടും ക്ലർക്കിനെക്കൊണ്ടും തുക തിരിച്ചടപ്പിച്ചു. അടുത്ത ദിവസം ഇവർക്ക് മെമ്മോ നൽകും. സെക്രട്ടറി ജില്ല ജോയന്റ് ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി.
സംഭവം മുകളിലേക്ക് റിപ്പോർട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയൻ പ്രവർത്തകർ ജനറൽ സെക്ഷൻ ക്ലർക്കിനെ സമീപിച്ചതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസമാണ് സാമ്പത്തിക തിരിമറിയെ തുടർന്ന് സസ്പെൻഷനിലായ ജീവനക്കാരന് സസ്പെൻഷൻ കാലയളവിൽ മൂന്നു മാസം മുഴുവൻ ശമ്പളവും ഉപജീവന ബത്തയും നൽകിയതായി അക്കൗണ്ടന്റ് കണ്ടെത്തിയത്.
നെഹ്റു പാർക്കിൽ രസീത് ബുക്കിൽ തിരിമറി നടത്തിയതിനാണ് ജീവനക്കാരനെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലയളവിൽ ഉപജീവനബത്തക്ക് മാത്രമാണ് അർഹത. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ 13,000 രൂപ ഉപജീവനബത്ത മാത്രമാണ് നൽകിയത്. തുടർന്നുള്ള മൂന്നു മാസവും മുഴുവൻ ശമ്പളവും ഉപജീവനബത്തയും ലഭിച്ചു. അതായത് ശമ്പളത്തേക്കാൾ കൂടുതൽ തുക ജോലിയെടുക്കാതെ വീട്ടിലിരുന്ന ജീവനക്കാരന് കിട്ടി.
അക്കൗണ്ടന്റിന്റെ റിപ്പോർട്ട് പ്രകാരം സെക്രട്ടറി ഹെൽത്ത് വിഭാഗം സൂപ്രണ്ടിനെയും ക്ലർക്കിനെയും വിളിച്ചുവരുത്തി വിവരങ്ങൾ തേടിയിരുന്നു. ക്ലറിക്കൽ പിഴവ് എന്നാണ് ഇവരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

