ഒടുവിൽ തീരുമാനമായി; ജില്ല ആശുപത്രിയിലെ മണ്ണ് ഏറ്റുമാനൂർ, കോട്ടയം മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക്
text_fieldsമൾട്ടി സ്പെഷാലിറ്റി ആശുപത്രി നിർമാണവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ
മന്ത്രി വി.എൻ. വാസവൻ സംസാരിക്കുന്നു
കോട്ടയം: ജില്ല ജനറൽ ആശുപത്രിയിൽ കിഫ്ബി നിർമിക്കുന്ന മൾട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ നിർമാണത്തിനിടെ നീക്കുന്ന മണ്ണ് ഏറ്റുമാനൂർ, കോട്ടയം നിയോജക മണ്ഡലങ്ങളിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ തീരുമാനം. മന്ത്രി വി.എൻ. വാസവൻ വിളിച്ച യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
കെട്ടിട നിർമാണത്തിന് അഞ്ചു ലക്ഷം ക്യുബിക് അടി മണ്ണ് ആവശ്യമുണ്ട്. ബാക്കിവരുന്ന നാലു ലക്ഷം ക്യുബിക്ക് അടി മണ്ണാണ് നീക്കുക. മണ്ണിന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാലാണ് പണി വൈകുന്നത്.
പുതിയ കെട്ടിടം പണിയാൻ വാർഡുകൾ പൊളിച്ചിട്ടിട്ട് മാസങ്ങളായി. മണ്ണ് പ്രാദേശികമായി ഉപയോഗിക്കാൻ എം.എൽ.എ നിർദേശം നൽകിയിട്ടും അധികൃതർ അനങ്ങിയില്ല. കോട്ടയം നഗരസഭയും വികസനപ്രവർത്തനങ്ങൾക്ക് മണ്ണ് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ വിജ്ഞാപനം വരും മുമ്പ് പണി തുടങ്ങിവെക്കാനാണ് നീക്കം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
കലക്ടർ വി. വിഖ്നേശ്വരി, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. മാത്യു, നഗരസഭ അംഗം സിൻസി പാറയിൽ, ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ.ടി.കെ. ബിൻസി, നാഷനൽ ഹെൽത്ത് മിഷൻ ജില്ല പ്രോഗ്രാം ഓഫിസർ ഡോ. എസ്. ശ്രീകുമാർ, ജില്ല ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. എം. ശാന്തി, ആശുപത്രി വികസന സമിതി അംഗങ്ങളായ പി.കെ. ആനന്ദക്കുട്ടൻ, ലൂയിസ് കുര്യൻ, ടി.സി. ബിനോയി, സാൽവിൻ കൊടിയന്തറ, പോൾസൺ പീറ്റർ എന്നിവർ പങ്കെടുത്തു.
കിഫ്ബിയിൽനിന്ന് 129.89 കോടി ചെലവിലാണ് മൾട്ടി സ്പെഷാലിറ്റി ആശുപത്രി നിർമിക്കുന്നത്. അർധ സർക്കാർ സ്ഥാപനമായ ഇൻകെൽ ലിമിറ്റഡിനാണ് നിർമാണച്ചുമതല.
2,86,850 ചതുരശ്രയടി വിസ്തൃതിയുള്ള 10 നില മന്ദിരമാണ് നിർമിക്കുന്നത്. 35 ഒ.പി. ഡിപ്പാർട്മെന്റുകൾ, 391 കിടക്ക, 10 ഓപറേഷൻ തിയറ്റർ, സൂപ്പർ സ്പെഷാലിറ്റി ഒ.പി-ഐ.പി, സി.ടി, എം.ആർ.ഐ മെഷീനുകൾ, മാമോഗ്രാഫി, ഫാർമസിയും ലിഫ്റ്റ് സൗകര്യവും ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

