48 ചിത്രകാരികൾ, ആയിരം ഭാവങ്ങൾ
text_fieldsകോട്ടയം പബ്ലിക് ലൈബ്രറിയിലെ കാനായി കുഞ്ഞിരാമൻ ആർട്ട് ഗാലറിയിൽ ആരംഭിച്ച
48 ചിത്രകാരികളുടെ ‘ഫെമിനിനിറ്റി’ ചിത്രപ്രദർശനത്തിൽനിന്ന്
കോട്ടയം: ഒരു സ്ത്രീക്ക് എത്ര ഭാവങ്ങളുണ്ടാവും...ഒന്നോ രണ്ടോ അല്ല ആയിരം ഭാവങ്ങളുണ്ടെന്നാണ് പബ്ലിക് ലൈബ്രറിയിലെ കാനായി കുഞ്ഞിരാമൻ ആർട്ട് ഗാലറിയിൽ ആരംഭിച്ച ‘ഫെമിനിനിറ്റി ’ ചിത്രപ്രദർശനം പറയുന്നത്. 48 ചിത്രകാരികൾ 48 ചിത്രങ്ങളുമായി ഒന്നിക്കുന്ന അപൂർവസംഗമം കൂടിയാണിത്.
സ്ത്രീയുടെ ആത്മസൗന്ദര്യം മാത്രമല്ല, നിഗൂഢതയും വന്യതയും നിറങ്ങളും ദൈന്യതകളും ആനന്ദവും സ്വപ്നങ്ങളുമെല്ലാം വരകളിൽ തെളിയുന്നു. ചില ചിത്രങ്ങൾ വരച്ചിടുന്നത് സ്ത്രീകളുടെ വിഹ്വലതകളാണെങ്കിൽ മറ്റു ചിലതിൽ അവളുടെ കരുത്തും പ്രതീക്ഷകളുമാണ് കാണാനാവുക. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കൊച്ചി ‘മാറ്റ്മ ആർട്ട് കലക്ടീവ്’ ആണ് പെൺകാഴ്ചയുടെ വർണ ലോകമൊരുക്കുന്നത്. സ്ത്രീയുടെ ഭാവങ്ങൾ എന്ന വിഷയത്തിലാണ് ചിത്രങ്ങൾ ഒരുക്കിയത്. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമുള്ള ചിത്രകാരികൾ കൂട്ടായ്മയുടെ ഭാഗമാവുന്നുണ്ട്. സർഗാത്മകതയുടെ സ്ത്രൈണതലങ്ങളെ വേർതിരിച്ചടയാളപ്പെടുത്താനുള്ള കലാപരമായ ശ്രമമാണ് ‘ഫെമിനിനിറ്റി’ എന്ന് സംഘാടകർ പറയുന്നു.
കോട്ടയം നഗരസഭ ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. സീന ടോണി ജോസ്, കെ.എസ്. ആർട്സ് സ്കൂൾ ഡയറക്ടർ സി.സി. അശോകൻ, പ്രിൻസിപ്പൽ ടി.എസ്. ശങ്കർ എന്നിവർ പങ്കെടുത്തു. 10 മുതൽ വൈകീട്ട് 6.30 വരെയാണ് പ്രദർശനം. 13ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

