പ്രചാരണത്തിന് അതിവേഗം; ബഹുദൂരം
text_fieldsകോട്ടയം: അതിവേഗം, ബഹുദൂരം... ഉമ്മൻ ചാണ്ടി ശൈലിയിൽ തന്നെയാകും പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് പ്രചാരണവും. അപ്രതീക്ഷിത പ്രഖ്യാപനം ഞെട്ടലുണ്ടാക്കിയെങ്കിലും മുന്നിൽ സമയമില്ലാത്തതിനാൽ അതിവേഗത്തിലോടാനാണ് മുന്നണികളുടെ തീരുമാനം.
പിന്നിടാൻ ബഹുദൂരമുള്ളതിനാൽ ഇതിനനുസരിച്ചുള്ള പ്രചാരണതന്ത്രങ്ങളാകും പാർട്ടി നേതൃത്വങ്ങൾ ഒരുക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇനി ഒരുമാസം കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായി പുതുപ്പള്ളി മാറും. ഇത്രവേഗം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് മുന്നണികള്‍ അണിയറയില്‍ ഒരുക്കം ആരംഭിച്ചിരുന്നു. പ്രചാരണത്തിന് അനൗദ്യോഗിക തുടക്കമിട്ട് കോൺഗ്രസ് ബൂത്തുതല ചുമതലക്കാരുടെ യോഗം ചേര്‍ന്നതിന്റെ പിറ്റേന്നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. നവമാധ്യമങ്ങളില്‍ അടക്കം പ്രചാരണം ശക്തമാക്കി എല്‍.ഡി.എഫും പ്രചാരണ രംഗത്തേക്ക് കടന്നിരുന്നു. ബൂത്തുതല യോഗങ്ങളും ആരംഭിച്ചു. ബി.ജെ.പിയുടെ പഞ്ചായത്തുതല യോഗങ്ങള്‍ നടന്നുവരുകയാണ്.
ഉമ്മന്‍ ചാണ്ടിയെന്ന ഒറ്റ വികാരത്തിലൂന്നിയാകും യു.ഡി.എഫിന്റെ നീക്കം. വോട്ട് ഉമ്മന്‍ ചാണ്ടിക്ക് എന്ന രീതിയിലാണ് പ്രചാരണസാമഗ്രികൾ ഒരുക്കുന്നത്.
ഉമ്മന്‍ ചാണ്ടിക്ക് ആദരവാകുന്ന വിജയമെന്നതിനാകും ഊന്നൽ. വികസനത്തിന് ഊന്നൽ നൽകാനാണ് എല്‍.ഡി.എഫിലെ ധാരണ. സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം ഉയര്‍ത്തിയാകും എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിന് ഒരുങ്ങുക.
കേന്ദ്ര സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള സുവര്‍ണാവസരമായാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ കാണുന്നത്. എന്നാൽ, മണിപ്പൂർ വിഷയത്തിൽ ക്രൈസ്തവ സഭകൾ പ്രതിഷേധവുമായി തെരുവിലുള്ളത് ബി.ജെ.പിക്ക് ആശങ്കയും സമ്മാനിക്കുന്നുണ്ട്.
പുതുപ്പള്ളി, വാകത്താനം, മീനടം, പാമ്പാടി, മണര്‍കാട്, അയര്‍ക്കുന്നം, കൂരോപ്പട, അകലക്കുന്നം പഞ്ചായത്തുകളിലായി 182 ബൂത്തുകള്‍ ഉള്‍പ്പെടുന്നതാണ് പുതുപ്പള്ളി മണ്ഡലം. മണ്ഡലത്തിൽ ക്രൈസ്തവവിഭാഗത്തിനാണ് മുന്‍തൂക്കം. അതില്‍ തന്നെ ഓര്‍ത്തഡോക്സ് വിഭാഗമാണ് മുന്നില്‍. യാക്കോബായ, കത്തോലിക്ക സഭകള്‍ക്കും നിര്‍ണായക സ്വാധീനമുണ്ട്. നായര്‍, ഈഴവ സമുദായങ്ങളും മണ്ഡലത്തില്‍ നിര്‍ണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

