പാഠപുസ്തക വിതരണത്തിൽ അതിവേഗം
text_fieldsകോട്ടയം: അവധിക്കാലത്തുതന്നെ പാഠപുസ്തകങ്ങൾ സ്കൂളുകളിൽ. ആവശ്യമുള്ള പുസ്തകങ്ങളിൽ 54.4 ശതമാനവും ജില്ലയിലെത്തി. മൊത്തം 12,15,874 പുസ്തകങ്ങളാണ് ജില്ലക്ക് ആവശ്യം. ഇതിൽ 6,61,611 പുസ്തകങ്ങളാണ് എത്തിയത്. അവശേഷിക്കുന്ന പുസ്തകങ്ങൾ അടുത്തദിവസങ്ങളിലായി എത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറയുന്നു.
പുതുപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ ജില്ല ഹബ്ബിലേക്കാണ് കാക്കനാട്ടെ കെ.ബി.പി.എസിൽനിന്ന് പുസ്തകങ്ങൾ എത്തുന്നത്.
ജില്ല ഹബ്ബിലെത്തുന്ന പുസ്തകങ്ങൾ കുടുംബശ്രീ അംഗങ്ങൾ തരംതിരിച്ചശേഷം പായ്ക്ക് ചെയ്യും. തുടർന്ന് വാഹനങ്ങളിൽ ജില്ലയിലെ 250 സ്കൂൾ സൊസൈറ്റികളിലെത്തിക്കുകയാണ് ചെയ്യുന്നത്. ഈ സൊസൈറ്റിയിൽനിന്നാകും സമീപത്തെ സ്കൂളുകളിലേക്കുള്ള പുസ്തകവിതരണം. ഒാരോ സ്കൂൾ അധികൃതരും സൊസൈറ്റിയിലെത്തി പുസ്തകങ്ങൾ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഇതുവരെ ഹബ്ബിൽ ലഭിച്ച 6,61,611 പുസ്തകങ്ങളിൽ 4,19,509 എണ്ണം വിവിധ സൊസൈറ്റികളിലേക്ക് വിതരണം ചെയ്തു. ഇവിടെനിന്ന് 34.5 ശതമാനവും സ്കൂളുകളിൽ എത്തിച്ചതായാണ് വിദ്യാഭ്യാസവകുപ്പിന്റെ കണക്ക്.
ഒമ്പത്, പത്ത് ക്ലാസുകളിലെ ഒന്നാം വാല്യം പാഠപുസ്തകങ്ങൾ പൂർണമായും എത്തിയിട്ടുണ്ട്.
കഴിഞ്ഞവർഷത്തെ കണക്കനുസരിച്ചാകും സ്കൂളുകൾക്ക് പുസ്തകങ്ങൾ നൽകുക. അധികമായി ആവശ്യപ്പെട്ടാൽ അടുത്തഘട്ടത്തിൽ എത്തിക്കും. അവധിക്കാലത്തുതന്നെ സ്കൂളുകളിലേക്കുള്ള പുസ്തകവിതരണം പൂർത്തിയാക്കുമെന്ന് ജില്ല വിദ്യാഭ്യാസ അധികൃതർ പറയുന്നു.
എട്ടാംക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ പൂർണമായി സൗജന്യമായാണ് വിതരണം. പരീക്ഷാഫലം വന്നശേഷമാകും വിദ്യാർഥികൾക്ക് പുസ്തകങ്ങൾ നൽകിത്തുടങ്ങുക. മേയ് ആദ്യവാരത്തോടെ ഇതിന് തുടക്കമിടാൻ കഴിയുമെന്നാണ് പ്രതീക്ഷ.
മധ്യവേനലവധിക്കുതന്നെ പുസ്തകങ്ങൾ സ്കൂളിൽ എത്തിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് ഇക്കുറി നേരത്തേ പുസ്തക അച്ചടിയും വിതരണവും ആരംഭിച്ചത്.
കഴിഞ്ഞവർഷം ക്ലാസുകൾ ആരംഭിച്ചശേഷമാണ് പുസ്തകവിതരണം പൂർത്തിയാകുന്നത്. ചില വർഷങ്ങളിൽ ക്ലാസുകൾ ഏറെ പിന്നിട്ടശേഷമായിരുന്നു വിദ്യാർഥികൾക്ക് ലഭിച്ചത്. ഇതിന് പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് അച്ചടിയും വിതരണവും നേരത്തേയാക്കിയത്. ഇത്തവണ ആദ്യദിനം മുതൽ പുതുമണം മാറാത്ത പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്കൊപ്പമുണ്ടാകും. കഴിഞ്ഞദിവസം പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ആലപ്പുഴയിൽ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

