ബി.ജെ.പി കൂട്ടിനു പിന്നാലെ കർഷകന്‍റെ ആത്മഹത്യ; വൈക്കത്ത് സി.പി.ഐക്ക് ആശങ്കയുടെ മണിക്കൂറുകൾ
text_fieldsകോട്ടയം: ജില്ലയിലെ ചുവന്ന മണ്ണായ വൈക്കത്ത് ബി.ജെ.പി തിരയിളക്കത്തിൽ ഉലഞ്ഞുനിന്ന സി.പി.ഐയെ ആശങ്കയുടെ ആഴക്കടലിലാഴ്ത്തി തലയാഴത്തെ കർഷകന്‍റെ ആത്മഹത്യ. സി.പി.ഐ നേതാക്കളുടെ പേരെടുത്തുപറഞ്ഞ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനുപിന്നാലെ കർഷകൻ ചെല്ലപ്പൻ മക്കൻ പാർട്ടി ഓഫിസിനു മുന്നിൽ ജീവനൊടുക്കിയത് നേതാക്കളെയൊന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടുചെയ്യാൻ മനസ്സൊരുക്കിയ വോട്ടർമാരോടു മറുപടി പറയാൻ പോലും അവസരമില്ലാതെ നേതാക്കൾ പ്രതിരോധത്തിലായി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നാടുകൂടിയായ വൈക്കത്തെ സി.പി.ഐയിൽ കുറച്ചുനാളുകളായി ഉൾപ്പോരും അഭിപ്രായഭിന്നതകളും രൂക്ഷമായിരുന്നു.
അതിനുപിന്നാലെ നേതാക്കളുടെയും പ്രവർത്തകരുടെയും ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞുപോക്കും പാർട്ടിയെ മുൾമുനയിലാക്കി. രണ്ടു മാസം മുമ്പാണ് എ.ഐ.വൈ.എഫ് നേതാവ് പി.ആർ. രജനി പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നത്. മുൻനേതാവ് പി.എക്സ്. ബാബു, മക്കളായ കാസ്ട്രോ, ചെഗുവേര എന്നിവരും ബി.ജെ.പിയുടെ ഭാഗമായി. ജില്ല കമ്മിറ്റി അംഗവും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുമായിരുന്നു പി.എക്സ്. ബാബു.
രണ്ടു തവണ എം.എൽ.എ ആയിരുന്ന കെ. അജിത്ത് കളം മാറി എൻ.ഡി.എ സ്ഥാനാർഥി ആയതും പാർട്ടിക്ക് തിരിച്ചടിയായി. പാർട്ടിയുടെ അടിത്തറ ശക്തമാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നേതാക്കളുടെ മറുപടിയെങ്കിലും ബി.ജെ.പി കൂട്ട് തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്ന ആശങ്കയിലായിരുന്നു സി.പി.ഐ നേതൃത്വം. വൈക്കത്തെ സ്ഥാനാർഥി പി. പ്രദീപിന്‍റെ ജനകീയതയിൽ പിടിച്ചുകയറി വരുമ്പോഴാണ് നാലുവദിവസം മുമ്പ് വൈക്കം മുന്‍ എം.എല്‍.എ. പി. നാരായണന്റെ കുടുംബം ബി.ജെ.പിയില്‍ ചേര്‍ന്നത്. കടബാധ്യത മൂലം വീട് ജപ്തിയിലായപ്പോഴും വൃക്കരോഗിയായ മകന്‍റെ ചികിത്സക്കും പാർട്ടി സഹായിച്ചില്ലെന്നും ബി.ജെ.പിയാണ് കൂടെ നിന്നതെന്നും വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തിയാണ് ഇവർ പാർട്ടിവിട്ടത്. പിന്നാലെ അവസാന അടിയായി കർഷകന്‍റെ ദാരുണ വിയോഗം. എങ്ങനെ ന്യായീകരിച്ചാലും പാർട്ടിക്കെതിരെ ആക്ഷേപമുന്നയിച്ച്, പാർട്ടി ഓഫിസിനുമുന്നിൽ ജീവനൊടുക്കിയതിന് തെരഞ്ഞെടുപ്പിൽ വിലനൽകേണ്ടി വരുമെന്ന ഭീതി സി.പി.ഐ നേതൃത്വതതിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

