വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിട; പ്രളയരഹിത കോട്ടയം, ടൂറിസം വികസനം
text_fieldsകോട്ടയം: രണ്ടാം കുട്ടനാടൻ പാക്കേജിന്റെ ഭാഗമായി പഴുക്കാനില കായൽ ശുചീകരണത്തിനും മലരിക്കൽ ആമ്പൽ ഗ്രാമത്തിന്റെ വികസനത്തിനും സഹായമാകുന്ന 103.73 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ ഭരണാനുമതി ലഭിച്ചു.
വേമ്പനാട്ടുകായലിന്റെ ഭാഗമായി കോട്ടയം നഗരത്തിനോടും തിരുവാർപ്പ് പഞ്ചായത്തിനോടും ചേർന്നുകിടക്കുന്ന പഴുക്കാനില കായൽ മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും പതനസ്ഥാനമാണ്. 2020ൽ പ്രഖ്യാപിച്ച പദ്ധതി 2022ൽ സർക്കാറിന്റെ 100 ദിന കർമ പദ്ധതിയിലും ഉൾപ്പെടുത്തിയിരുന്നു.
ഒരു മാസത്തിനുള്ളിൽ ടെൻഡർ പൂർത്തിയാക്കാൻ കിഫ്ബി സി.ഇ.ഒ നിർദ്ദേശം നൽകിയതായി മീനച്ചിലാർ-മീനന്തയാർ-കൊടൂരാൻ പുനഃസംയോജന പദ്ധതി ജനകീയ കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജനകീയ കൂട്ടായ്മയുടെ കരുത്തിലേറി
വിവിധ തോടുകളിൽ നിന്ന് മീനച്ചിലാർ, മീനന്തയാർ, കൊടൂരാർ വഴി ഒഴുകിയെത്തുന്ന വെള്ളം വളരെ വേഗം വേമ്പനാട്ടുകായലിലേക്കും കടലിലേക്കും ഒഴുകിമാറേണ്ടതുണ്ട്. നദികളുടെ പതനസ്ഥാനമായ പഴുക്കാനില കായലിൽ 1.62 ചതുരശ്ര കി.മീ. വിസ്തൃതിയിൽ രൂപപ്പെട്ടിട്ടുള്ള തുരുത്തിൽ നിന്ന് 3.68 ലക്ഷം ക്യുബിക് മീറ്റർ എക്കൽ കോരിയെടുത്ത് മാറ്റുന്നതോടെ അത്രയും വെള്ളം കൂടുതലായി കായലിൽ ഉൾക്കൊള്ളാനാവുന്നതോടെ പ്രളയ രഹിത കോട്ടയം എന്ന ജനകീയ കൂട്ടായ്മയുടെ പദ്ധതി സഫലമാകുമെന്നാണ് പ്രതീക്ഷ. കൃഷി സംരക്ഷിക്കുന്നതിനും നെൽകൃഷി സംരക്ഷിക്കുന്നതിനും ടൂറിസം വികസനവും ഈ പദ്ധതികളിലുടെ ഉദ്ദേശിക്കുന്നു. മുമ്പ് ചുരുങ്ങിയ കാലത്തേക്ക് മാത്രമായിരുന്നു മലരിക്കൽ ആമ്പൽ ടൂറിസമെങ്കിൽ ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ ടൂറിസം മേഖലയായി ഈ പ്രദേശം മാറും.
പദ്ധതി നടപ്പാക്കുക ഇങ്ങനെ
1.62 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഴുക്കാനില കായലിൽ അടിഞ്ഞ 3.68 ലക്ഷം ക്യുബിക് മീറ്റർ എക്കൽ കോരിയെടുക്കും.
ഈ എക്കൽ ഉപയോഗിച്ച് തിരുവാർപ്പ് പഞ്ചായത്തിൽ ഉൾപ്പെട്ട ജെ ബ്ലോക്ക് 9000, തിരുവായ്ക്കരി, കോട്ടയം നഗരസഭയുടെ ഭാഗമായ എഫ് ബ്ലോക്ക് എന്നീ പാടശേഖരങ്ങളുടെ 27.8 കിലോമീറ്റർ പുറംബണ്ടുകൾ ബലപ്പെടുത്തി ഗതാഗത യോഗ്യമാക്കും.
പല തട്ടായി കിടക്കുന്ന പഴുക്കാനില കായലിൽ ഉപഗ്രഹ സർവേയിലൂടെ ആഴം കണക്കാക്കി 1.75 മീറ്റർ മുതൽ 2.35 മീറ്റർ വരെ ആഴത്തിൽ ചെളി നീക്കും പദ്ധതി കൊണ്ടുണ്ടാകുന്ന ഗുണം
പഴുക്കാനില കായലിലെ ചെളി നീക്കുന്നതോടെ മഴക്കാലത്ത് കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ പ്രളയം നിയന്ത്രിക്കാൻ സഹായകമാകും. ആറുകളിലെ വെള്ളം വേഗത്തിൽ കായലിലേക്ക് ഒഴുകിയിറങ്ങും
പാടശേഖരങ്ങളുടെ ബണ്ട് ബലപ്പെടുത്തുന്നത്, നെൽക്കൃഷി സംരക്ഷിക്കുന്നതിന് സഹായമാകും. വർഷത്തിൽ രണ്ട് കൃഷി ചെയ്യാൻ കഴിയും
പുറംബണ്ട് ബലപ്പെടുത്തി ഗതാഗത യോഗ്യമാക്കുന്നത് വഴി കൊയ്തെടുത്ത നെല്ല് വേഗത്തിൽ പുറത്തേക്ക് എത്തിക്കാനാകും. കൃഷി സാമഗ്രികളും കാർഷിക യന്ത്രങ്ങളും പാടത്തേക്ക് എത്തിക്കാനും കഴിയും
14.5 കിലോമീറ്റർ നീളമുള്ള റോഡ് ബണ്ട് വഴി നിർമിക്കാനാകും. ഇത് വിനോദസഞ്ചാര മേഖലക്ക് പുതിയ അവസരം നൽകും. കൂടാതെ പഴുക്കാനില കായലിൽ വാട്ടർ സ്പോർട്സ് സാധ്യതകൾക്കും വഴിതുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

