ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണത്തിന് തുടക്കം
text_fieldsഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ റോഡുപണി ആരംഭിച്ചപ്പോൾ
കോട്ടയം: തുടർച്ചയായ പ്രതിഷേധ പ്രകടനങ്ങൾക്കൊടുവിൽ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി തുടങ്ങി. റോഡ് കോൺക്രീറ്റ് ചെയ്യാനുള്ള പ്രാരംഭ ജോലികളാണ് തുടങ്ങിയത്. ഒരു വർഷമായി റോഡ് പൂർണമായി തകർന്ന നിലയിലായിരുന്നു.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് പൂർണമായി നവീകരിക്കാൻ ഒരുവർഷം മുമ്പ് ടെൻഡർ നൽകിയിരുന്നു. മറ്റു പണികൾ പൂർത്തീകരിച്ചെങ്കിലും റോഡുപണി മാത്രം അനിശ്ചിതമായി നീണ്ടു. അതിരമ്പുഴ ഭാഗത്തുനിന്നുള്ളവരും എം.ജി യൂനിവേഴ്സിറ്റിയിലേക്കുള്ളവരും ഈ റോഡ് ഒഴിവാക്കി കോട്ടമുറിയിലൂടെ നീണ്ടൂർ-ഏറ്റുമാനൂർ റോഡിൽ പ്രവേശിച്ചാണ് ഇപ്പോൾ സ്റ്റേഷനിൽ എത്തുന്നത്.
തിരുവനന്തപുരം ഡിവിഷനൽ മാനേജർ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ അമൃത് ഭാരത് പദ്ധതിയിലെ പണികൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. മഴ മാറിയിട്ടും റോഡുപണി തുടങ്ങാത്തതിൽ യാത്രക്കാർ നിരന്തരം പരാതി ഉയർത്തുകയും മാധ്യമങ്ങളിൽ വാർത്ത ആവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി പണി ആരംഭിക്കാൻ നിർദേശം നൽകിയത്.
അമൃത് ഭാരത് പദ്ധതിയുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന ആവശ്യവുമായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത് കുമാർ, സിമി ജ്യോതി, രജനി സുനിൽ എന്നിവർ നിരന്തരം റെയിൽവേ അധികൃതരെ സമീപിച്ചിരുന്നു.
റെയിൽവേ ഡിവിഷനൽ മാനേജർക്ക് കത്തും നൽകി. എന്നാൽ, വെള്ളക്കെട്ട് മാറിയിട്ടും റോഡുപണി നീണ്ടുപോകുകയായിരുന്നു. ഇതുസംബന്ധിച്ച് ദിവസവും നിരവധി പരാതികൾ സ്റ്റേഷൻ സൂപ്രണ്ടിനും ലഭിച്ചിരുന്നു. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരാർ ജോലികൾ അടിയന്തരമായി പൂർത്തിയാക്കാൻ ഡിവിഷൻ ഓഫിസിൽനിന്ന് നിർദേശം നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

