ശബരിമല മണ്ഡലകാലം പടിവാതിലിൽ; എരുമേലിയിൽ സ്ഥിരം സംവിധാനം വേണമെന്നാവശ്യം
text_fieldsഎരുമേലി: മണ്ഡല-മകരവിളക്ക് മഹോത്സവ നാളിൽ എരുമേലിയിൽ താൽക്കാലിക സൗകര്യങ്ങൾ ഒഴിവാക്കി സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. തീർഥാടന കാലത്ത് എരുമേലി നിവാസികൾ നേരിടുന്ന രൂക്ഷമായ മാലിന്യ പ്രശ്നങ്ങളും എരുമേലിയെ നിശ്ചലമാക്കുന്ന ഗതാഗതക്കുരുക്കുകളും തീർഥാടക പാതകളിലെ അസൗകര്യങ്ങളും പരിഹരിക്കാൻ സർക്കാർ സംവിധാനം ഒരുക്കുന്ന താൽകാലിക സൗകര്യങ്ങൾക്ക് കഴിയാത്ത അവസ്ഥയാണ്. മണ്ഡലകാലം പടിവാതിലിൽ എത്തുമ്പോൾ മാത്രം നടത്തുന്ന അവലോകന യോഗങ്ങളും മുന്നൊരുക്കങ്ങളും പ്രഹസനമായി മാറുന്നുവെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നു.
ശബരിമല തീർഥാടനം ആരംഭിക്കുന്നതോടെ എരുമേലിയിലെ ജനങ്ങൾ ഏറ്റവുമധികം നേരിടുന്ന പ്രശ്നമാണ് ഗതാഗതക്കുരുക്ക്. തീർഥാടകർ പേട്ടതുള്ളുന്ന എരുമേലി ടൗണിൽ വൺവേ സംവിധാനം ഏർപ്പെടുത്തുവെങ്കിലും ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നില്ല. എരുമേലിയിലെ പാരലൽ റോഡുകളും റിങ് റോഡുകളും ഗതാഗതയോഗ്യമാക്കി വാഹനങ്ങൾ വഴിതിരിച്ചുവിട്ട് എരുമേലിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുമെന്ന് മാറിവരുന്ന ജനപ്രതിനിധികൾ പറയാറുണ്ടെങ്കിലും നാളിതുവരെ നടപടികൾ ഉണ്ടായിട്ടില്ല.
ദിനംപ്രതി ആയിരക്കണക്കിന് തീർഥാടകർ എത്തുന്ന എരുമേലിയിൽ ടൺകണക്കിന് മാലിന്യങ്ങളാണ് ദിനംപ്രതി ഉണ്ടാകുന്നത്. എരുമേലിയിൽ രാസ സിന്ദൂരം, പാക്കറ്റ് ഷാംപൂ എന്നിവയുടെ വിൽപ്പനയും ഉപയോഗവും കഴിഞ്ഞ വർഷം കോടതി വിലക്കിയെങ്കിലും രാസസിന്ദൂരത്തിന്‍റെ വിൽപന തകൃതിയായി നടന്നു. രാസസിന്ദൂരം ഉയർത്തുന്ന അന്തരീക്ഷ - ജല മലിനീകരണം എരുമേലി നിവാസികളെ രോഗികളാക്കുന്നു. തീർഥാടന നാളിൽ എരുമേലി ടൗണിന് സമീപത്തുകൂടെ ഒഴുകുന്ന വലിയ തോട്ടിലെ ജലം വലിയതോതിൽ മലിനമാകുന്നു. ജലത്തിൽ കോളിഫാം ബാക്ടീരിയയുടെ സാന്നിധ്യവും പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. നൂറുകണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സും ഇതുവഴി മലിനമാകുന്നു. തോട് സംരക്ഷിക്കാൻ സ്ഥിരം സംവിധാനം ഒരുക്കുമെന്ന വാഗ്ദാനങ്ങൾക്കും കാലങ്ങളുടെ പഴക്കമുണ്ട്.
24 വാർഡുകളുള്ള എരുമേലി ഗ്രാമപഞ്ചായത്തിൽ സ്ഥിരമായി ഫയർ സ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് എരുമേലി ദേവസ്വം ബോർഡിന്‍റെ പഴയ സ്കൂൾ കെട്ടിടത്തിൽ താൽക്കാലികമായി ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും അസൗകര്യങ്ങളുടെ നടുവിലാണ് ഇവ പ്രവർത്തിക്കുന്നത്. ശബരിമല തീർഥാടനത്തിനുശേഷം എരുമേലിയിൽ ഒരു അടിയന്തര സാഹചര്യം ഉണ്ടായാൽ കിലോമീറ്ററുകൾ അകലെയുള്ള കാഞ്ഞിരപ്പള്ളിയിലെയോ റാന്നിയിലെയോ അഗ്നിരക്ഷാ യൂനിറ്റ് വേണം അപകട സ്ഥലത്തെത്താൻ.
മാസപൂജകൾക്കായി ശബരിമല നട തുറക്കുമ്പോഴും എരുമേലിയിൽ നൂറുകണക്കിന് തീർഥാടകരാണ് എത്തുന്നത്. ഇങ്ങനെയെത്തുന്ന തീർഥാടകരിൽ അധികവും ആശ്രയിക്കുന്നത് കെ.എസ്.ആർ.ടി.സി ബസുകളെയാണ്. കെ.എസ്.ആർ.ടി.സി എരുമേലി ഡിപ്പോ അസൗകര്യങ്ങളുടെ നടുവിലാണ് പ്രവർത്തിക്കുന്നത്. കാലപ്പഴക്കത്തെ തുടർന്ന് കെട്ടിടം അപകടാവസ്ഥയിലായതോടെ ജനപ്രതിനിധികളുടെ ഇടപെടലിൽ ഓഫിസുകൾക്ക് പ്രവർത്തിക്കാൻ ദേവസ്വം ബോർഡ് കെട്ടിടത്തിൽ രണ്ടു മുറികൾ താൽക്കാലികമായി നൽകിയിരുന്നു. എന്നാൽ, ഇപ്പോഴിത് ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പലതവണ കെ.എസ്.ആർ.ടി.സിക്ക് നോട്ടീസും നൽകിയിരുന്നു. കെ.എസ്.ആർ.ടി.സിയെ എരുമേലിയിൽ നിലനിർത്താൻ നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
24 വാർഡുകളുള്ള വലിയ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ആശ്രയമായിട്ടുള്ള എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എക്സ്റേ യൂനിറ്റടക്കമുള്ള സജ്ജീകരണങ്ങൾ സ്ഥിരമായി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. എരുമേലി, പമ്പ റോഡുകളിലെ അപകടമേഖലകൾ ഒഴിവാക്കാൻ സ്ഥിരം സംവിധാനം ഒരുക്കുവെന്നും ജനപ്രതിനിധികൾ അവകാശ വാദം ഉന്നയിച്ചിരുന്നു. കുത്തുകയറ്റം വരുന്ന കരിങ്കല്ലുംമൂഴിയിലെ കയറ്റം ഒഴിവാക്കാൻ ബദൽപാത നിർമിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു.
എന്നാൽ, നാളിതുവരെ അതിന് കഴിഞ്ഞിട്ടില്ല. നിലവിൽ മണ്ഡല - മകരവിളക്ക് കാലത്ത് തീർഥാടകരുടെ വലിയ വാഹനങ്ങൾ ഇതുവഴി കടത്തിവിടാറില്ല. ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാവുന്ന കണമലയിലെ ഇറക്കം ഒഴിവാക്കി എരുത്വാപ്പുഴയിൽനിന്നും കണമലയിലേക്ക് സമാന്തരപാത നിർമിച്ചെങ്കിലും നിർമാണത്തിന്‍റെ അപാകതമൂലം ഇതുവഴി വാഹനങ്ങൾ കടത്തിവിടാൻ കഴിയാത്ത അവസ്ഥയിലാണ്.
വനത്തിലൂടെ തീർഥാടകരുടെ രാത്രി സഞ്ചാരം തടയുന്നതിലൂടെ കാളകെട്ടി പോലുള്ള ഇടത്താവളങ്ങളിൽ വിശ്രമിക്കേണ്ടി വരുന്ന തീർഥാടകർക്ക് പ്രാഥമിക കൃത്യനിർവഹണം നടത്തുന്നതിന് പോലും സൗകര്യമില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇവിടെ സ്ഥിര ശൗചാലയം ഒരുക്കുന്നതിലൂടെ തീർഥാടകരും പ്രദേശവാസികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും. വർഷാവർഷം എരുമേലിയിൽ താൽക്കാലിക സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ വൻതുക പാഴാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. തീർഥാടകർക്കൊപ്പം നാട്ടുകാർക്കും പ്രയോജനമാകുന്നവിധം സ്ഥിരം സംവിധാനങ്ങൾ ഒരുക്കണമെന്നും എരുമേലിയിൽ സമഗ്ര വികസനം കൊണ്ടുവരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

