യാത്രക്കാരെ ദുരിതത്തിലാക്കി പമ്പാ പാതയിലെ വെള്ളക്കെട്ട്
text_fieldsതിങ്കളാഴ്ച പെയ്ത മഴയിൽ പമ്പ റോഡിലെ മുക്കൂട്ടുതറക്ക് സമീപം റോഡിൽ നിരന്ന
കല്ലിൻകഷണങ്ങളും വെള്ളക്കെട്ടും
എരുമേലി: ശക്തമായ മഴയിൽ പമ്പാപാതയിൽ ഉണ്ടാകുന്ന വെള്ളക്കെട്ടും, റോഡിലേക്ക് ഒഴുകിയെത്തുന്ന മണ്ണും, കല്ലിൻക്കഷ്ണങ്ങളും യാത്രക്കാർക്ക് ദുരിതമാകുന്നു. മഴയിൽ പലയിടങ്ങളിലായി വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് ഇരുചക്രവാഹനങ്ങളെയും കാൽനട യാത്രികരെയുമാണ് ഏറെ ദുരിതത്തിലാക്കുന്നത്.
എരുമേലി - പമ്പാ റോഡിൽ എം.ഇ.എസ് കോളജിന് സമീപം മുതൽ മുക്കൂട്ടുതറ വരെ ഭാഗത്തെ യാത്രയാണ് ഏറെ ദുസ്സഹം. റോഡിലേക്ക് ഒഴുകിയെത്തുന്ന ചെറിയ കല്ലുകൾ ഇരുചക്രവാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകാൻ കാരണമാകുന്നു. ഓടയുടെ അഭാവവും സമീപപ്രദേശങ്ങളിലെ മണ്ണെടുപ്പുമാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
റോഡിന്റെ സമീപപ്രദേശത്തുള്ള പറമ്പുകളിൽ മണ്ണെടുപ്പും പ്ലോട്ട് വികസിപ്പിക്കലും റോഡിലേക്ക് കല്ലിൻക്കഷ്ണങ്ങൾ ഒഴുകിയെത്താൻ കാരണമാകുന്നു. വാഹനങ്ങൾ പറമ്പിലേക്ക് കയറ്റുന്നതിന് റോഡരികിൽ നിന്നും മണ്ണിട്ട് സ്വകാര്യ വ്യക്തികൾ പറമ്പിലേക്ക് വഴി തെളിച്ചിരിക്കുന്നത് റോഡരികിലൂടെയുള്ള മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാനും വെള്ളക്കെട്ട് രൂപപ്പെടാനും കാരണമാകുന്നു. മഴവെള്ളം ഒഴുക്കിവിടാൻ ശാസ്ത്രീയരീതിയിൽ ഓട നിർമിച്ച് പമ്പാപാതയിലെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

