എരുമേലി ഗ്രാമപഞ്ചായത്തിൽ വലതിന് സ്വതന്ത്രൻ, ഇടതിന് ഭാഗ്യം
text_fieldsഎരുമേലി: സ്വതന്ത്രെൻറ പിന്തുണ യു.ഡി.എഫിന് ലഭിച്ചിട്ടും ഭാഗ്യം തുണച്ചത് എൽ.ഡി.എഫിനെ. നാടകീയ സംഭവങ്ങൾക്കൊടുവിൽ അപ്രതീക്ഷിതമായി എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു.തങ്കമ്മ ജോർജുകുട്ടിയാണ് പ്രസിഡൻറ്. 23 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൽ 11 സീറ്റു വീതം എൽ.ഡി.എഫും യു.ഡി.എഫും കരസ്ഥമാക്കിയപ്പോൾ ഒരു സീറ്റ് സ്വതന്ത്രന് ലഭിച്ചു.
സ്വതന്ത്രനായി വിജയിച്ച ഇ.ജെ. ബിനോയി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണ് യു.ഡി.എഫ് നേരിടേണ്ടി വന്നത്. യു.ഡി.എഫിൽ നിന്നും മറിയാമ്മ സണ്ണിയും എൽ.ഡി.എഫിൽ നിന്നും തങ്കമ്മ ജോർജ്കുട്ടിയും പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ചു. 23 അംഗങ്ങളും വോട്ട് രേഖപ്പെടുത്തിയെങ്കിലും യു.ഡി.എഫിലെ ഒരംഗം രേഖപ്പെടുത്തിയ വോട്ട് അസാധുവായതായി വരണാധികാരി പ്രഖ്യാപിച്ചു.
ബാലറ്റ് പേപ്പറിൽ പേരെഴുതാതിരുന്നതാണ് വോട്ട് അസാധുവാകാൻ കാരണമെന്ന് വരണാധികാരി ഷെമീർ വി. മുഹമ്മദ് പറഞ്ഞു. 11 വോട്ടുകൾ വീതം ഇരുമുന്നണികളും നേടിയതോടെ നറുക്കെടുപ്പിലൂടെ തങ്കമ്മ ജോർജ്കുട്ടിയെ പ്രസിഡൻറായി തെരഞ്ഞെടുക്കുകയുമായിരുന്നു. ഉച്ചക്ക് നടന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സെയ്ത് മുഹമ്മദ് (എൽ.ഡി.എഫ്), ഇ.ജെ. ബിനോയി (സ്വതന്ത്രൻ) എന്നിവർ മത്സരിച്ചു. യു.ഡി.എഫിെൻറ പിന്തുണയോടെ 12 വോട്ടുകൾ നേടി ബിനോയിയെ തെരഞ്ഞെടുത്തു.