വയോധികയുടെ മരണം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
text_fieldsമാർത്തമോശയുടെ മൃതദേഹം പുറത്തെടുക്കുന്നു
എരുമേലി: സംസ്കരിച്ച് എട്ടുമാസങ്ങൾക്കുശേഷം വയോധികയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. മകളുടെ പരാതിയെത്തുടർന്ന് മുട്ടപ്പള്ളി കുളത്തുങ്കൽ വീട്ടിൽ മാർത്തമോശയുടെ (പൊടിയമ്മ-83) മൃതദേഹമാണ് പുറത്തെടുത്തത്.മാതാവിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി കാസർകോടുള്ള മകൾ ബേബിക്കുട്ടി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
കേസിന്‍റെ അന്വേഷണച്ചുമതലയുള്ള കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിങ്കളാഴ്ച മുട്ടപ്പള്ളി സി.എം.എസ് പള്ളി സെമിത്തേരിയിലെത്തി മൃതദേഹം പുറത്തെടുത്തു. കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം. ജോസുകുട്ടിയുടെ സാന്നിധ്യത്തിൽ കോട്ടയം മെഡിക്കൽ കോളജ് പൊലീസ് സർജൻ ഡോ. സന്തോഷ് ജോയി, ഡോ. ബിനു എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി രാസപരിശോധനക്കയച്ചു.
രാവിലെ 10ന് ആരംഭിച്ച നടപടിക്രമങ്ങൾ ഉച്ചക്ക് രണ്ടുമണിയോടെ അവസാനിച്ചു. പിന്നീട് മൃതദേഹം സംസ്കരിച്ചു. ഫോറൻസിക് വിദഗ്ധ വി.എ. അനു, എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല സ്റ്റേഷനിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥരും മാർത്തമോശയുടെ ബന്ധുക്കളും സ്ഥലത്തെത്തിയിരുന്നു.
2021 ഒക്ടോബറിൽ മാർത്തമോശക്ക് തീപ്പൊള്ളലേറ്റിരുന്നു. പിന്നീട് ദിവസങ്ങൾക്കുശേഷം ഇവർ മരണപ്പെട്ടു. മാതാവിന് പൊള്ളലേറ്റെന്ന് പറയുന്നതിലും പിന്നീടുണ്ടായ മരണത്തിലും ദുരൂഹതയുണ്ടെന്നാണ് മകൾ ബേബിക്കുട്ടിയുടെ ആരോപണം.