വീടിനുനേർക്ക് കല്ലേറ്, മർദിച്ചതായും പരാതി
text_fieldsകല്ലേറിൽ തകർന്ന എലിവാലിക്കര കീച്ചേരിൽ വി.ജി. ശ്രീധരന്റെ വീട്
എരുമേലി: വഴിത്തർക്കത്തിന്റെ പേരിൽ കുടുംബത്തെ സംഘം ചേർന്ന് മർദിച്ചതായും വീടിനുനേർക്ക് കല്ലെറിഞ്ഞതായും പരാതി. എലിവാലിക്കര കീച്ചേരിൽ വി.ജി. ശ്രീധരൻ (70), മകൻ കെ.എസ്. സനോജ് (41) എന്നിവർക്കാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ശ്രീധരന്റെ പുരയിടത്തിനോട് ചേർന്ന് വഴിവെട്ടിയതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്. ഇതിന്റെ പേരിൽ മുക്കൂട്ടുതറയിലെ ചില രാഷ്ട്രീയ പ്രവർത്തകരടക്കമുള്ള ഒരു സംഘമാളുകൾ കുടുംബത്തെ നിരന്തരം ഉപദ്രവിക്കുകയാണെന്ന് ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇവരെ കള്ളക്കേസിൽ കുടുക്കുകയും സംഘം ചേർന്ന് മർദിക്കുകയും ചെയ്തു. പൊലീസിൽ പരാതിപ്പെട്ടതിന് ശേഷവും വീടിനുനേരെ കല്ലേറ് ഉണ്ടായി. പുരയിടത്തിന് സമീപത്തുകൂടി വെട്ടിയവഴി വീടിനു ഭീഷണിയായി മാറുമെന്ന് കുടുംബം ആരോപിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. വഴിയിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം സംരക്ഷണഭിത്തികൾ തകർത്തതായും പറഞ്ഞു.