തടസ്സം നീങ്ങി; എരുമേലി തെക്ക് വില്ലേജ് ഓഫിസ് ഉടൻ പ്രവർത്തനം ആരംഭിക്കും -എം.എൽ.എ
text_fieldsഎരുമേലി: എരുമേലി തെക്ക് വില്ലേജ് ഓഫിസിന് പുതുതായി പണികഴിപ്പിച്ച സ്മാർട്ട് ഓഫിസ് കെട്ടിടം ഉടൻ തുറന്നു പ്രവർത്തിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. വർഷങ്ങളായി എരുമേലി തെക്ക് വില്ലേജ് ഓഫിസ് പ്രവർത്തിച്ചിരുന്നത് എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിന്റെ രണ്ടാം നിലയിലെ ചെറിയ മുറിയിലായിരുന്നു. ശുചിമുറി സൗകര്യം പോലുമില്ലാതെയാണ് ഓഫിസ് പ്രവർത്തിച്ചിരുന്നത്.
ഓഫിസിൽ എത്തുന്ന പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതോടെ എരുമേലി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് സമീപം 10 സെന്റ് സ്ഥലം ലഭ്യമാക്കുകയും 50 ലക്ഷം രൂപ അനുവദിച്ച് പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം നിർമിക്കുകയുമായിരുന്നു. സംസ്ഥാന നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണ ചുമതല. എന്നാൽ കെട്ടിട നിർമ്മാണം പൂർത്തീകരണ ഘട്ടത്തിൽ എത്തിയപ്പോഴേക്കും വില്ലേജ് ഓഫിസ് കെട്ടിടം നിർമിച്ച ഭൂമി ദേവസ്വം വകയാണെന്നും ഇവിടെ വില്ലേജ് ഓഫിസ് പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി കേരള ഹൈക്കോടതിയിൽ ഹരജി നൽകുകയായിരുന്നു. ഹരജിയെ തുടർന്ന് കഴിഞ്ഞ ഒരു വർഷക്കാലമായി കെട്ടിടം തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
എന്നാൽ ഭൂമിയുടെ രേഖകൾ ഹൈക്കോടതിയിൽ ഹാജരാക്കി റവന്യൂ ഭൂമിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചു. തുടർന്ന് സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഭൂമി അളന്ന് തിട്ടപ്പെടുത്തി സർക്കാർ ഭൂമിയാണെന്ന് ഉറപ്പുവരുത്തി പണി പൂർത്തീകരിച്ച വില്ലേജ് ഓഫിസ് കെട്ടിടം തുറന്നു പ്രവർത്തിക്കാൻ ഇപ്പോൾ സജ്ജമാക്കിയിരിക്കുകയാണ്. ഉദ്ഘാടനത്തിനായി റവന്യൂ മന്ത്രി കെ. രാജനെ ക്ഷണിച്ചിട്ടുണ്ടെന്നും ഒക്ടോബർ പത്തിന് ശേഷം ഉദ്ഘാടനം നടത്തുമെന്നും എം.എൽ.എ പറഞ്ഞു. ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതിനു മുമ്പ് തീർഥാടന ഏകോപന ചുമതല കൂടിയുള്ള എരുമേലി തെക്ക് വില്ലേജ് ഓഫിസിന്റെ പുതിയ ഓഫിസ് പ്രവർത്തനമാരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

