ഗതാഗതമന്ത്രി ഇതൊന്നും അറിയുന്നില്ലേ?..എരുമേലി കെ.എസ്.ആർ.ടി.സി ഓപറേറ്റിങ്ങ് സെന്റർ പ്രതിസന്ധിയിൽ
text_fieldsഎരുമേലി: തീർഥാടകർക്കും മലയോര മേഖലയിലെ ജനങ്ങൾക്കും ഏറെ പ്രയോജനപ്രദമായ എരുമേലിയിലെ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിങ് സെന്ററിന്റെ നിലനിൽപ്പ് പ്രതിസന്ധിയിൽ. അപകടനിലയിലായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓപ്പറേറ്റിങ്ങ് സെന്ററിന്റെ ഓഫിസ് മാറ്റി പ്രവർത്തിപ്പിക്കാൻ രണ്ടുമുറികൾ പോലും തയ്യാറാക്കി നൽകാൻ കഴിയാത്തതാണ് നിലനിൽപ്പിന് ഭീഷണിയാകുന്നത്. മണ്ഡല - മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർ എത്തിത്തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഡിപ്പോയുടെ അടച്ചുപൂട്ടൽ ഭീഷണി പ്രതിഷേധത്തിനും കാരണമാകുന്നു.
വർഷങ്ങൾക്ക് മുമ്പുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് അടിത്തറ ഇളകി ഏതുനിമിഷവും നിലംപൊത്താറായ കെട്ടിടത്തിലാണ് ടിക്കറ്റ് ആൻഡ് കലക്ഷൻ ബ്ലോക്കും, ശുചിമുറി ബ്ലോക്കുമടക്കം പ്രവർത്തിക്കുന്നത്. പൊതുമരാമത്ത്, ദേവസ്വം ബോർഡ്, പഞ്ചായത്ത്, കെ.എസ്.ആർ.ടി.സി വകുപ്പുകൾ നടത്തിയ സംയുക്ത പരിശോധനയിൽ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തുകയും കെട്ടിടത്തിലുള്ള ഓഫിസിന്റെ പ്രവർത്തനം ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിരുന്നു.
ഡിപ്പോയുടെ പ്രവർത്തനം നിലനിർത്താൻ സമീപത്ത് രണ്ടു മുറികൾ വേണമെന്ന് കെ.എസ്.ആർ.ടി.സി പഞ്ചായത്തിനോടും ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടു. സമീപത്തെ ദേവസ്വം ബോർഡ് ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ രണ്ട മുറികൾ വിട്ടുനൽകാൻ നടപടി സ്വീകരിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും അറിയിച്ചിരുന്നു. എന്നാൽ ഈ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറികൾ സീസൺ കച്ചവടത്തിനായി ദേവസ്വം ബോർഡ് ലേലം ചെയ്തുകൊടുത്തു. രണ്ടാം നിലയിലെ മുറികളെങ്കിലും കെ.എസ്.ആർ.ടി.സിക്ക് വിട്ടുകൊടുത്തെങ്കിൽ ആശങ്കക്ക് പരിഹാരമായേനെ. ഇതിനിടെ ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തിക്ക് അനുകൂല വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. കെ.എസ്.ആർ.ടി.സി ഇതിനെതിരെ അപ്പീൽ നൽകാനും ദേവസ്വം ബോർഡും പഞ്ചായത്തും കക്ഷി ചേരാനും എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ ദേവസ്വം ബോർഡും പഞ്ചായത്തും ഇതുവരെ കേസിൽ കക്ഷി ചേർന്നിട്ടില്ല.
കെട്ടിടം അപകടാവസ്ഥയിലായ സ്ഥിതിക്ക് എത്രയും വേഗം ഓപ്പറേറ്റിങ്ങ് സെന്റർ മാറ്റി സ്ഥാപിക്കാൻ കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസിൽ നിന്ന് പൊൻകുന്നം എ.ടി.ഒക്ക് കത്ത് ലഭിച്ചു. ഓപ്പറേറ്റിങ്ങ് സെന്റർ നിലനിർത്താൻ സൗകര്യം ലഭിച്ചില്ലെങ്കിൽ സമീപത്തെ ഡിപ്പോയിലേക്ക് മാറ്റേണ്ട അവസ്ഥയാണ്.
കെട്ടിടത്തിന്റെ ശോച്യാവസ്ഥയും തൊഴിലാളികൾക്ക് വിശ്രമിക്കാൻ സൗകര്യവുമില്ലാത്ത സാഹചര്യത്തിൽ എരുമേലിയിലേക്കുള്ള ചില ദീർഘദൂര ബസുകൾ ഇതിന് മുമ്പുള്ള ഡിപ്പോയിൽ വെച്ച് സർവിസ് അവസാനിപ്പിക്കുന്നുണ്ട്. സെന്ററിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ തൊഴിലാളി യൂനിയനുകൾ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

