വെട്ടിപറമ്പ് -പൂഞ്ഞാർ റോഡ് മലങ്കര പദ്ധതിയുടെ ഇര
text_fieldsമലങ്കര ജലസേചന പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡ് വർഷങ്ങൾ കഴിഞ്ഞിട്ടും
ടാർ ചെയ്യാത്തതിനെ തുടർന്ന് തകർന്നു കിടക്കുന്നു
ഈരാറ്റുപേട്ട: മനോഹരമായ വെട്ടിപറമ്പ് - പൂഞ്ഞാർ റോഡിനെ മലങ്കര ജലസേചന പദ്ധതിക്കായി കുത്തി പൊളിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. ജനപ്രതിനിധികളുടെ അനങ്ങാപ്പാറ നയമാണ് റോഡ് തകർന്നുകിടക്കാൻ പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. 2023 ൽ വിഭാവനചെയ്ത മലങ്കര ജലസേചന പദ്ധതിയുടെ ഇരയാണ് ഈ റോഡ്. പഞ്ചായത്തിൽ സുലഭമായി കുടിവെള്ളമെത്തിക്കുമെന്നു പറഞ്ഞാണ് കുറ്റൻ പൈപ്പുകൾ സ്ഥാപിക്കാൻ റോഡിന്റെ പകുതി ഭാഗം മാന്തി വലിയ കാനകളാക്കിയത്. റോഡ് കുത്തിപ്പൊട്ടിക്കുന്നതിനെതിരെ പ്രതിഷേധിച്ചുവെങ്കിലും കുടിവെളള പദ്ധതിയായതുകൊണ്ടും വേഗം റീ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുമെന്ന് കരാറുകാരൻ പറഞ്ഞതുകൊണ്ടുമാണ് അന്ന് ജനങ്ങൾ സമ്മതിച്ചത്. പൈപ്പുകൾ സ്ഥാപിച്ച് മണ്ണിട്ട് മൂടിയെങ്കിലും പൊളിച്ച ഭാഗം ഇതുവരെ റീ ടാർ ചെയ്തിട്ടില്ല. പദ്ധതി കമീഷൻ ചെയ്ത് പൈപ്പിന് ലീക്കില്ലെന്ന് ബോധ്യപ്പെട്ടാലേ ടാർ ചെയ്യാൻ കഴിയൂ എന്നാണ് അധികൃതരിൽനിന്ന് അറിയാൻ കഴിയുന്നത്.
കരുണ അഭയ കേന്ദ്രത്തിലേക്കും ഫിസിയോതെറാപ്പി സെന്ററിലേക്കുമുള്ള പ്രധാന റോഡാണിത്. അന്തേവാസികളും രോഗികളുമായവരെ ആശുപത്രിയിലെത്തിക്കാൻ നിരന്തരം ആംബുലൻസുകൾ പോകുന്ന വഴി കൂടിയാണ്. ഏറെ പ്രയാസപ്പെട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്. സെഞ്ച്വുറി സ്റ്റെപ്പൽസ് ഓഡിറ്റോറിയം കൂടി വന്നതോടെ വിവാഹ ആവശ്യത്തിന് എത്തുന്നവരും ഏറെ പ്രയാസപ്പെടുന്നു.
വാഗമൺ റോഡിൽനിന്നു പൂഞ്ഞാർ റോഡിലേക്ക് വേഗത്തിലെത്താവുന്ന ബൈപാസ് റോഡാണിത്. അതുകൊണ്ടു തന്നെ നൂറു കണക്കിന് വാഹനങ്ങളാണ് ഈ റോഡ് പ്രയോജനപ്പെടുത്തുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം മലങ്കര പദ്ധതി മുന്നോട്ട് പോകുന്നില്ല എന്നാണ് അറിയുന്നത്. 1243 കോടി രൂപ മുടക്കിയാണ് മീനച്ചിൽ-മലങ്കര ജലജീവൻ പദ്ധതിക്ക് തുടക്കമിട്ടത്. 2023 ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്.
മലങ്കര ഡാമിൽനിന്ന് വെള്ളം നീലൂർ മലയിലെ ടാങ്കിൽ എത്തിച്ചു കടനാട്, രാമപുരം, ഭരണങ്ങാനം, മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, തലനാട്, തിടനാട്, തലപ്പലം,കൂട്ടിക്കൽ എന്നീ 13 പഞ്ചായത്തുകളിൽ സുലഭമായി കുടിവെള്ളം എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ മോട്ടോറോ ടാങ്കോ സ്ഥാപിക്കുന്നതിനു മുമ്പ് തന്നെ ഭീമാകാരമായ പൈപ്പ് സ്ഥാപിക്കാൻ കിലോമീറ്ററുകളോളം റോഡുകൾ മാന്തി പൊളിച്ചത് അശാസ്ത്രീയമായെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

