
representative image
നിരീക്ഷണ കാമറ സ്ഥാപിച്ചു; ഈരാറ്റുപേട്ടയിൽ മാലിന്യം തള്ളിയാൽ കർശന നടപടി
text_fieldsഈരാറ്റുപേട്ട (കോട്ടയം): പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയുമായി ഈരാറ്റുപേട്ട നഗരസഭ. കഴിഞ്ഞദിവസം ചേർന്ന അടിയന്തര കൗൺസിലിനെ തുടർന്നാണ് വിഷയം ഗൗരവചർച്ചക്ക് വന്നത്.
ദേശീയപണിമുടക്ക് ദിവസം സെൻട്രൽ ജങ്ഷനിൽ അഹമ്മദ് കുരിക്കൾ നഗർ പരിസരത്ത് മാലിന്യം കുന്നുകൂടി ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വന്ന പ്രതികരണമാണ് കൗൺസിൽ ഇടപെടാൻ കാരണം. പണിമുടക്ക് നടന്ന തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നഗരസഭ ക്ലീനിങ് തൊഴിലാളികൾ ജോലിക്കിറങ്ങിയില്ല.
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വന്ന വേസ്റ്റുകൾ കുന്നുകൂടിയതോടെ പരിസരമാകെ ദുർഗന്ധമായി. ഇതിൽ പ്രതിഷേധിച്ചാണ് സോഷ്യൽ മീഡിയയിൽ നഗരസഭക്കെതിരെ പരിഹാസം ഉണ്ടായത്. അഹമ്മദ് കുരിക്കൾ നഗറിന് സമീപം വർഷങ്ങൾക്ക് മുമ്പ് മാലിന്യം തള്ളാൻ വേസ്റ്റ്ബിൻ സ്ഥാപിച്ചിരുന്നു. അത് പിന്നീട് ഒഴിവാക്കിയെങ്കിലും പിന്നീട് ഇവിടം നാട്ടുകാരുടെ മാലിന്യത്തൊട്ടിയായി മാറുകയായിരുന്നു.
വ്യാപാരസ്ഥാപനങ്ങൾ എല്ലാം അടഞ്ഞുകിടന്ന ദിവസങ്ങളിൽ എത്തിയ ടൺകണക്കിന് മാലിന്യങ്ങളുടെ ഉറവിടം കണ്ടുപിടിക്കണമെന്നാണ് നാട്ടുകാർ ആവശ്യം. ഇതേതുടർന്ന് ചേർന്ന കൗൺസിലിലാണ് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിരീക്ഷണ കാമറ സ്ഥാപിക്കാനും തീരുമാനിച്ചത്.
കഴിഞ്ഞദിവസം മുതൽ ഈ പ്രദേശം കാമറ നിരീക്ഷണത്തിലായി. ഉറവിട മാലിന്യസംസ്ക്കരണത്തിന് പലവിധ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടും മാലിന്യം വലിച്ചെറിയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.