ഈരാറ്റുപേട്ടയുടെ പ്രൗഢിക്ക് എഴുപതാണ്ട് ‘സ്നേഹത്തിന്റെ പാലം’ സപ്തതി നിറവിൽ
text_fieldsഈരാറ്റുപേട്ടയുടെ അടയാളമായി തലയുയർത്തി നിൽക്കുന്ന ആർച്ച് പാലം
ഈരാറ്റുപേട്ട: മൂന്ന് കരകളിലായി കിടന്ന പ്രദേശത്തെ ഇരുപാലങ്ങൾ കൊണ്ട് യോജിപ്പിച്ച വിപ്ലവകരമായ വികസനത്തിന് 70 വയസ് പൂർത്തിയായി. പാലം പണി പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്ന് കൊടുത്തപ്പോഴാണ് ‘സ്നേഹത്തിന്റെ പാല’മെന്ന് പൂഞ്ഞാർ രാജാവ് അഭിസംബോധന ചെയ്തത്. തെക്കേക്കര, കിഴക്കേകര, വടക്കേക്കര എന്നീ ചെറുകരകളായി കിടന്ന ഗ്രാമത്തെ ഇന്ന് കാണുന്ന പട്ടണത്തിന്റെ പ്രൗഢിയിലേക്ക് ഉയർത്തിയത് ഈ രണ്ട് ആർച്ച് പാലങ്ങളായിരുന്നു.
48 മീറ്റർ നീളവും 10 മീറ്റർ വീതിയും 12 മീറ്റർ ഉയരവുമുള്ള ഈ പാലമാണ് ഈരാറ്റുപേട്ടയുടെ അടയാളമായി ഇന്നും തല ഉയർത്തി നിൽക്കുന്നത്. 1952ൽ തിരു-കൊച്ചി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിനെ പ്രതിനിധികരീച്ച് മത്സരിച്ച എ.ജെ. ജോണിന്റെ തെരഞ്ഞെടുപ്പ് വാഗദാനമായിരുന്നു പാലം. തുടർന്ന് തെരഞ്ഞെടുപ്പിൽ വിജയിക്കുകയും എ.ജെ. ജോൺ തിരുകൊച്ചിയുടെ മുഖ്യമന്ത്രിയാവുകയും ചെയ്തു. തുടർന്ന് ആദ്യ മന്ത്രിസഭയിൽ തന്നെ പാലം പണിയാൻ അനുമതി നൽകി.
1953ലാണ് പാലം പണി ആരംഭിച്ചത്. 1956 ജനുവരി 15ഓടെ പണി പൂർത്തീകരിച്ച് ഗതാഗത സൗകര്യത്തോടെ ഉപയോഗിക്കാൻ തുടങ്ങി. പിന്നീട് 1957ലാണ് ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്.
ആദ്യം ഒരു പാലത്തിനുള്ള അംഗീകാരമാണ് സർക്കാറിൽ നിന്ന് ലഭിച്ചത്. എന്നാൽ, രണ്ട് പാലം വേണം എന്ന കാര്യത്തിൽ എല്ലാവരും ഒരുമിച്ചു നിന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്ന പി.എസ്. ഹസന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് രണ്ടാമത്തെ പാലത്തിനും അനുമതിയായത്.
ജനങ്ങളുടെ വിഹിതമായി സർക്കാറിലേക്ക് അടയ്ക്കേണ്ട 25,000 രൂപ ജനകീയ കലക്ഷനിലൂടെ കണ്ടെത്തുകയായിരുന്നു. പാലം നിർമാണത്തിന് ഫണ്ട് തികയാതെ വന്നതോടെ പുഞ്ഞാർ രാജാവിന്റെ ഇടപെടൽ ഉണ്ടായി. രാജകുടംബത്തിൽ നിന്ന് ദിവംഗതയായ ജയന്തി തമ്പുരാട്ടിയുടെ ഓർമക്കായി 16 ലക്ഷം രൂപ പൂഞ്ഞാർ രാജാവ് നൽകിയതായും പ്രമാണങ്ങളിൽ കാണാൻ കഴിയും.
മലയോര മേഖലയിൽ ഉൾപ്പെടെയുള്ളവർക്ക് പുറംലോകവുമായി വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കാൻ ഈ പദ്ധതി കാരണമായി.നിരവധി പ്രളയങ്ങളെയും ഉരുൾപൊട്ടലുകളെയും അതിജീവിച്ച ഇരുപാലങ്ങളും സപ്തതിവർഷം പൂർത്തിയാകുമ്പോഴും പൂർണ ആരോഗ്യത്തോടെ നിൽക്കുന്നു എന്നത് ആദ്യകാല നിർമാണ വൈദഗ്ധ്യത്തിന്റെ തെളിവ് കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

