ഈരാറ്റുപേട്ടയിൽ തീവ്രവാദ കേസുകളില്ല; വീണ്ടും വിവരാവകാശ മറുപടി
text_fieldsപ്രതീകാത്മക ചിത്രം
ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ തീവ്രവാദ കേസുകളില്ലെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് അധികൃതരുടെ മറുപടി. 2022 ജനുവരി മുതൽ 2026 ഏപ്രിൽ വരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ഒരു തീവ്രവാദ കേസും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് അധികൃതർ നൽകിയ മറുപടി. ഇക്കാലയളവിൽ രണ്ട് മതസ്പർധ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അത് രണ്ടും ഈരാറ്റുപേട്ടക്കെതിരെ പറഞ്ഞ കേസുകളാണ്. യൂട്യൂബർ മാത്യു സാമൂവലിനെതിരെയും പി.സി. ജോർജിനെതിരെയും രജിസ്റ്റർ ചെയ്ത കേസുകളാണവ.
മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിന് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈരാറ്റുപേട്ട എസ്.എച്ച്.ഒ ജില്ല പൊലീസ് ചീഫിന് 2022ൽ നൽകിയ റിപ്പോർട്ട് ഏറെ വിവാദത്തിന് തിരികൊളുത്തിയിരുന്നു. തീവ്രവാദവും ക്രമസമാധാനപരവുമായ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത് ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നാണ് അന്ന് നൽകിയ റിപ്പോർട്ട്.
ഈ റിപ്പോർട്ടിന്റെ യഥാർഥ വസ്തുത അറിയാൻ ജനകീയ വികസന ഫോറം പ്രസിഡന്റ് ഷെരീഫ് പൊന്തനാൽ വിവരാവകാശം നൽകി. 2017 മുതൽ 2022 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളാണ് ആവശ്യപ്പെട്ടത്. രഹസ്യ സ്വഭാവുള്ള രേഖയാണെന്ന് കാണിച്ച് വിവരം എസ്.എച്ച്.ഒയും അപ്പീൽ അധികാരിയായ ഡിവൈ.എസ്.പിയും അപേക്ഷ തള്ളുകയായിരുന്നു. തുടർന്ന് സംസ്ഥാന വിവരാവകാശ കമീഷന്റെ നിർദേശപ്രകാരമാണ് മറുപടി ലഭിച്ചത്.
തീവ്രവാദ കേസും മതസ്പർധ കേസും രജിസ്റ്റർ ചെയ്തിട്ടില്ല. രാഷ്ട്രീയമായ 50 ക്രമസമാധാന കേസുകളാണ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതെന്നാണ് 2023 മേയ് ആറിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറഞ്ഞത്. പിന്നീട് ഇക്കഴിഞ്ഞ മേയ് 18ന് മറ്റൊരു വിവരാവകാശം കൂടി നൽകി. 2022 ജനുവരി മുതൽ 2026 ഏപ്രിൽ വരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ഒരു തീവ്രവാദ കേസും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.
ഈരാറ്റുപേട്ടക്കെതിരെ വ്യാജ റിപ്പോർട്ട് നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ജനകീയ വികസന ഫോറം കൊടുത്ത പരാതിയിൽ തെളിവില്ലെന്ന് പറഞ്ഞ് ആഭ്യന്തര വകുപ്പ് പരാതി തള്ളുകയാണ് ചെയ്തത്. മുൻ എസ്.പി കെ. കാർത്തിക്കിന്റെ തെറ്റായ റിപ്പോർട്ട് കാരണം മിനി സിവിൽ സ്റ്റേഷന്റെ നടപടിക്രമങ്ങൾ രണ്ട് വർഷമാണ് വൈകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

