അരനൂറ്റാണ്ടിനിടയിലെ വലിയ വെള്ളപ്പൊക്കം; ഈരാറ്റുപേട്ടയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി
text_fieldsവെള്ളം കയറിയ മുണ്ടക്കയം-എരുമേലി ശബരിമല റോഡ്
ഈരാറ്റുപേട്ട: മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് മലവെള്ളപ്പാച്ചിലിൽ ഈരാറ്റുപേട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വടക്കനാറ്റിലും തെക്കനാറ്റിലും ഒരുപോലെ വെള്ളം ഉയർന്നതാണ് ആറിെൻറ പരിസര പ്രദേശം വെള്ളത്തിൽ മുങ്ങാൻ കാരണം. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇതെന്ന് പഴമക്കാർ പറയുന്നു. ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന് മുന്‍വശം റോഡില്‍ വെള്ളം കയറി. സെൻട്രൽ ജങ്ഷനിലെ കോസ് വേ പാലവും വെള്ളത്തിനടിയിലായി. പാലാ, തൊടുപുഴ, കാഞ്ഞിരപ്പള്ളി, വാഗമൺ, പൂഞ്ഞാർ എന്നീ പ്രദേശങ്ങളിലേക്ക് ഈരാറ്റുപേട്ടയിൽനിന്ന് ഗതാഗതം തടസ്സപ്പെട്ടു. അപകട സാധ്യത മുന്നിൽ കണ്ട് ഈരാറ്റുപേട്ട നഗരസഭ പ്രദേശത്തെ വൈദ്യുതി വിഛേദിച്ചു.
ഇളപ്പുങ്കൽ കാരക്കാട് പ്രദേശത്തെ ബന്ധിപ്പിക്കുന്ന പാലത്തിെൻറ പകുതിഭാഗം ഒഴുകിപ്പോയി. നടക്കൽ കോസ്വേ പാലം, മുഹ്യിദ്ദീൻ പള്ളി കോസ്വേ പാലവും വെള്ളത്തിൽ മുങ്ങി.
പ്രൈവറ്റ് ബസ് സ്റ്റാൻഡും റോഡും പ്രദേശത്തെ അനവധി വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിലായി. പി.ബി റോഡിലെ വ്യാപാരസ്ഥാപനങ്ങളുടെ അടിനിലകള്‍ പൂര്‍ണമായി മുങ്ങി. ഈരാറ്റുപേട്ട- തൊടുപുഴ റോഡിൽ അനവധി സ്ഥാപനങ്ങൾ വെള്ളത്തിലായി. മാതാക്കൽ തോടിെൻറ ഓരത്തെ നാൽപതോളം വീടുകൾ പൂർണമായി മുങ്ങി. ഇരുപതിലധികം കിണറുകളും മുങ്ങി. വീട്ടുപകരണങ്ങളെല്ലാം വെള്ളത്തിനടിയിലായി.
അമ്പഴത്തിനാൽ,വി.ഐ.പി കോളനി, താഴത്തെ നടക്കൽ, ഇലക്കയം റോഡ്, മുണ്ടക്കപറമ്പ് , പൊന്തനാപറമ്പ് , കാരക്കാട്, വട്ടി കൊട്ട, കീരിയാ തോട്ടം, മുല്ലപ്പാറ, മറ്റക്കാട് തെക്കേക്കര, കടുവാമൂഴി എന്നീ പ്രദേശങ്ങളിലും വെള്ളം ഉയർന്നു. അരുവിത്തുറ പള്ളിയുടെ സെമിത്തേരിയും പൂര്‍ണമായി വെള്ളത്തിലായി.
ദുരിതബാധിത പ്രദേശങ്ങളില്‍നിന്നും ആളുകളെ മാറ്റി താമസിപ്പിക്കുന്നതിനായി രണ്ടുസ്കൂളുകള്‍ തുറന്നെങ്കിലും ആളുകള്‍ സമീപവീടുകളില്‍ തന്നെ കഴിഞ്ഞുകൂടുകയാണ്. വിലയിരുത്താൻ പറ്റാത്ത നാശനഷ്ടങ്ങളാണ് മണിക്കൂറുകൾക്കകം ഉണ്ടായത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ സ്ഥലത്തെത്തി. നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, സ്ഥിരം സമിതി അംഗങ്ങൾ, വാർഡ് കൗൺസിലർമാർ തുടങ്ങി എല്ലാവരും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

