മാതാക്കൽ തോടിന് ആഴം കൂട്ടുന്നു
text_fieldsവെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനായി മാതാക്കൽ
തോടിന്റെ ആഴം കൂട്ടുന്നു
ഈരാറ്റുപേട്ട: നഗരസഭയിലെ 3,4,5,6 ഡിവിഷനുകളിലൂടെ ഒഴുകി മീനച്ചിലാറ്റിൽ എത്തിച്ചേരുന്ന മാതാക്കൽ തോട് സംരക്ഷിക്കുന്നതിനായി തോടിന് ആഴവും വീതിയും കൂട്ടുന്ന നടപടി ആരംഭിച്ചു. നഗരസഭയിൽനിന്ന് അനുവദിച്ച പ്രത്യേക ഫണ്ട് ഉപയോഗിച്ച് ഡിവിഷൻ കൗൺസിലർമാരാണ് പ്രവൃത്തിക്ക് നേതൃത്വം നൽകുന്നത്.
തോട്ടുമുക്ക് മുരുക്കോലി, വാഴമറ്റം വാക്കാപറമ്പ് പ്രദേശത്തുള്ള നൂറു കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് മാതാക്കൽ തോട്. തോട്ടിലൂടെ സമൃദ്ധമായി വെള്ളം ഒഴുകുന്നതു കൊണ്ടാണ് പ്രദേശത്തെ നൂറുകണക്കിനു കിണറുകളിൽ വെള്ളം ലഭിക്കുന്നത്.
വർഷകാലത്ത് മീനച്ചിലാറ്റിൽ വെള്ളം ഉയരുമ്പോൾ ഏറ്റവും ആദ്യം വെള്ളം ഉയരുന്ന പ്രദേശം കൂടിയാണിവിടം. മാതാക്കൽ തോട് ചെന്ന് ചേരുന്ന തോട്ടുമുക്ക് ഭാഗത്ത് അശാസ്ത്രീയമായി പാലം നിർമിച്ചതാണ് വെള്ളമൊഴുക്ക് പ്രയാസത്തിലാക്കിയതെന്നും നാട്ടുകാർ പറയുന്നു.
വർഷങ്ങൾക്ക് മുമ്പ് തോട്ട് മുക്ക് പാലത്തിനടിയിൽ വെള്ളം തടഞ്ഞു നിർത്താനായി പണിത ചെക്ക്ഡാം കാരണമാണ് തോട്ടിൽ ചെളി അടിഞ്ഞതും ആഴം കുറഞ്ഞതും. ഈ ചെക്ക്ഡാം പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ പൊളിച്ചു മാറ്റി. കാലക്രമേണ അടിഞ്ഞുകൂടിയ മണ്ണ് കുറ്റൻ മണൽതിട്ടായി മാറി. ഇത് കാരണം ഒഴുക്കിന് തടസ്സം നേരിട്ടതാണ് വെള്ളപ്പൊക്ക ഭീഷണി രൂക്ഷമാക്കിയത്.
തോടിന് പരിസരത്ത് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുമാണ് തോടിന്റെ ആഴം കൂട്ടൽ അടിയന്തരമായി ആരംഭിച്ചതെന്ന് നഗരസഭ ചെയർമാൻ വി.പി നാസർ പറഞ്ഞു. പ്രവൃത്തി പൂർത്തിയായാൽ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കൗൺസിലർമാരായ ബീമ നാസർ, ഷാഹുൽ മുരുക്കോലി, എം.എം. റൈന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

