മുക്കട റോഡ് നവീകരിക്കാൻ നടപടിയുമായി നഗരസഭ മുന്നോട്ട്
text_fieldsമുക്കട റോഡിന്റെ അരികിൽ മാലിന്യം
കൂട്ടിയിട്ട നിലയിൽ, മാലിന്യം നീക്കി റോഡരിക് വൃത്തിയാക്കിയ നിലയിൽ
ഈരാറ്റുപേട്ട: ഇരുപാലങ്ങളും വരുന്നതിനു മുമ്പ് ഉപയോഗിച്ചിരുന്നതും പഴക്കം ചെന്നതുമായ മുക്കട റോഡ് നവീകരിക്കാനും സൗന്ദര്യവത്കരിക്കാനും നടപടി ആരംഭിച്ച് നഗരസഭ.
പാലാ റോഡിൽനിന്ന് പൊലീസ് സ്റ്റേഷന്റെ താഴ് ഭാഗത്തുകൂടി ആരംഭിച്ച് വടക്കേക്കര പാലത്തിൽ ചെന്ന് അവസാനിക്കുന്നതാണ് 300 മീറ്റർ നീളം വരുന്ന മുക്കട റോഡ്. പാലം ഉണ്ടാകുന്നതിന് മുമ്പ് തൊടുപുഴ റോഡുമായി പാലാ റോഡിനെ ബന്ധിപ്പിച്ചിരുന്നത് ഈ റോഡാണ്. അങ്കാളമ്മൻ കോവിൽ വഴി കടത്തു കടന്ന് മലയോര പ്രദേശങ്ങളിലേക്ക് പോകുന്നവരും ഈ റോഡാണ് ഉപയോഗിച്ചു കൊണ്ടിരുന്നത്. പാലം നിർമാണം കഴിഞ്ഞതോടെ പുതിയ റോഡ് നിർമിക്കുകയും ഈ റോഡിന്റെ പ്രസക്തി ഇല്ലാതാകുകയും ചെയ്തു. ഗതാഗതം കുറവായതോടെ റോഡിന് ഇരുവശത്തുള്ള വ്യാപാരികൾ റോഡ് കൈയേറിത്തുടങ്ങി.
ആക്രി വ്യാപാരവും മലഞ്ചരക്കു കച്ചവടവുമാണ് ഈ റോഡിൽ പ്രധാനമായി നടക്കുന്നത്. ആക്രി സാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും റോഡിൽ വാഹനങ്ങൾ നിർത്തിയിട്ടാണ്. മലഞ്ചരക്ക് സാധനങ്ങൾ റോഡിൽ ഉണങ്ങാൻ ഇടുന്നതോടെ റോഡിലൂടെ ഗതാഗതം ബുദ്ധിമുട്ടായിരുന്നുണ്ട്. അതോടെ ചെറുവാഹനങ്ങൾ മാത്രം കടന്നുപോകുന്ന അവസ്ഥയിലേക്ക് റോഡ് ചുരുങ്ങി. സന്ധ്യ മയങ്ങിയാൽ സാമൂഹിക വിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും ശല്യം ഇതുവഴി കടന്നുപോകാൻ ഭയമായിരുന്നു. റോഡിന്റെ പ്രവേശന കവാടത്തിൽ മാലിന്യ കൂമ്പാരവും രൂപപ്പെട്ടു. ഈ ഭാഗം വൃത്തിയാക്കി സൗന്ദര്യവത്കരിക്കാനും നടപടി ആരംഭിച്ചു.
കൈയേറ്റം ഒഴിപ്പിക്കുന്നതിന് കഴിഞ്ഞ ദിവസം നഗരസഭ ചെയർമാൻ അഡ്വ. വി.പി. നാസർ സെക്രട്ടറി പി.എം. മുഹ്സിൻ എന്നിവരുടെ നേത്യത്വത്തിൽ ഉദ്യോഗസ്ഥരും കൗൺസിലർമാരും ചേർന്ന് വ്യാപാര ഉടമസ്ഥർക്ക് നോട്ടീസ് നൽകി. റോഡിനോട് ചേർന്ന് ഇറക്കിവെച്ചിരിക്കുന്ന സാധനങ്ങൾ എടുത്തു മാറ്റുന്നതിനായി 15 ദിവസത്തെ സമയമാണ് നൽകിയത്. റോഡിന് നിലവിലുള്ള വീതി പൂർണമായി വീണ്ടെടുത്താൽ വൺവേ സംവിധാനം ഏർപ്പെടുത്താം. ടൗണിൽനിന്ന് പാലാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇതുവഴി തിരിച്ചുവിട്ടാൽ ഗതാഗത പ്രശ്നം പരിഹരിക്കാനാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

