കണ്ടുമറന്ന ഗ്രാമക്കാഴ്ചയായി അഷ്റഫിന്റെ നടപ്പ് വ്യാപാരം
text_fieldsഅഷ്റഫ് പാത്രങ്ങളുമായി
ഈരാറ്റുപേട്ട: ചെറുതായാലും സ്ഥിരതയോടെ ചെയ്യുന്ന തൊഴിലിൽ ആനന്ദം കണ്ടെത്തുകയാണ് ഈരാറ്റുപേട്ട ഇടകള മറ്റത്ത് താമസക്കാരനായ വയലങ്ങാട്ട് അഷ്റഫ്.
പ്രായം 65 ലെത്തിയിട്ടും പതിനാറുകാരന്റെ ഊർജത്തോടെ നാലര പതിറ്റാണ്ടായി അദ്ദേഹം നടപ്പ് വ്യാപാരം തുടരുന്നു. 16ാം വയസ്സിലാണ് അലുമിനിയം കച്ചവടത്തിലേക്ക് ഇറങ്ങിയത്. വലിയ കൊട്ടയിൽ പ്ലാസ്റ്റിക് കയർ കൊണ്ട് നെയ്ത വലയിൽ വലുതും ചെറുതുമായ അലുമിനിയം പാത്രങ്ങൾ നിറച്ച് ബസിൽ കയറും. അന്നത്തെ കാലത്ത് നിരവധി കച്ചവടക്കാരുടെ കൊട്ടകൾ ബസിന്റെ മുകളിൽ നിരന്നിരിക്കുന്നത് വിസ്മയ കാഴ്ചയായിരുന്നു. കച്ചവടത്തിനായി പല സ്ഥലങ്ങളിലേക്കും പോകാമായിരുന്നെങ്കിലും അന്നും ഇന്നും അഷ്റഫിന്റെ ലക്ഷ്യം മേലുകാവ് മാത്രമാണ്. അത്രക്കും ഇഴുകി ചേർന്നു ആ നാടുമായി.
45 വർഷമായി വ്യാപാര ബന്ധത്തിന് ഒരു പോറലും ഏറ്റിട്ടില്ല. ഓരോ കുടുംബക്കാർക്കും സുപരിചിതനാണ് അഷ്റഫ്. ഈരാറ്റുപേട്ടയിലെ അലുമിനിയം ഫാക്ടറിയിൽനിന്ന് പാത്രങ്ങൾ വാങ്ങി ബസ് മാർഗം കാഞ്ഞിരം കവലയിൽ എത്തും. അവിടെനിന്ന് തലച്ചുമടായി എള്ളുംപുറം, മേലുകാവ്, കല്ലുവെട്ടം, മായാപുരി, ഇലവീഴാ പൂഞ്ചിറ, പാണ്ടിയൻമ്മാവ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് യാത്ര തുടരും.
പഴകിയതും കേടായതുമായ അലുമിനിയം പാത്രങ്ങൾക്ക് പകരം പുതിയ പാത്രങ്ങൾ മിതമായ നിരക്കിൽ നൽകുകയാണ് അഷറഫ് ചെയ്യുന്നത്. നോൺസ്റ്റിക്ക്, സ്റ്റീൽ പാത്രങ്ങൾ വിപണിയിൽ പിടിമുറുക്കിയിട്ടും ഗ്രാമപ്രദേശങ്ങളിൽ അലുമിനിയം പാത്രങ്ങൾക്ക് ഇന്നും ആവശ്യക്കാരുണ്ട്. ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന വീടിന് തണലാണ് അഷ്റഫിന്റെ തൊഴിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

