അറബിക് കലോത്സവം; മുസ്ലിം ഗേൾസിന് ഓവറോൾ കിരീടം
text_fieldsതൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും
അധ്യാപകരും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
ഈരാറ്റുപേട്ട: തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ 56 പോയിന്റോടെ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം. കഴിഞ്ഞ സംസ്ഥാന മത്സരങ്ങളിൽ സ്കൂൾ മൂന്നാമതായിരുന്നു. പെൺകുട്ടികൾക്ക് മാത്രം പങ്കെടുക്കാവുന്ന ഇനങ്ങളിൽ മത്സരിച്ചാണ് ഈ വിജയകിരീടം. അറബിക് അധ്യാപകനായ മുഖ്താർ നജീബിന്റെ നേതൃത്വത്തിലുള്ള അധ്യാപകരുടെ സംഘമാണ് വടക്കൻ ജില്ലകളുടെ ആധിപത്യത്തോട് മത്സരിക്കാൻ കുട്ടികളെ പ്രാപ്തരാക്കിയത് . ഹെഡ്മിസ്ട്രസ് എം.പി ലീനയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനിൽനിന്ന് ട്രോഫി ഏറ്റുവാങ്ങി.
ജനറൽ വിഭാഗത്തിൽ വൃന്ദവാദ്യം ഉൾപ്പടെ നിരവധി ഇനങ്ങളിലും വിദ്യാർഥികൾ എ ഗ്രേഡ് നേടി. സംഗീത അധ്യാപിക സ്വപ്ന നാഥിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികളെ പരിശീലിപ്പിച്ചത്. ബിനു മൊസാർട്ട് കാഞ്ഞിരപ്പള്ളി ആണ് വൃന്ദവാദ്യ പരിശീലകൻ. ഉർദു വിഭാഗത്തിൽ കഥാരചന, കവിത രചന, ഉപന്യാസ രചന, ഉർദു പ്രസംഗം എന്നിവയിലും എ ഗ്രേഡ് നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഉർദു കഥാരചനയിലും കവിതാ രചനയിലും ഹിബ ഫാത്തിയും അറബി ഉപന്യാസത്തിൽ ഹിദ ഇബ്രാഹിമും ഉർദു ഉപന്യാസത്തിന് നാദിയ ഫാത്തിമയും അറബി കഥാരചനയിൽ സക്കിയ സൈനബും എ ഗ്രേഡ് നേടി. മാനേജുമെന്റും പി.ടി.എയും വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

