പതിനൊന്ന് വർഷത്തെ കാത്തിരിപ്പിനറുതി; ഉമ്മൻചാണ്ടി സപ്തതി ഹാൾ തുറക്കുന്നു
text_fieldsകോട്ടയം നഗരസഭയുടെ നാഗമ്പടത്തെ മിനി എ.സി ഓഡിറ്റോറിയം
കോട്ടയം: 2014ൽ ഉദ്ഘാടനം ചെയ്തെങ്കിലും അടഞ്ഞുകിടക്കുകയായിരുന്ന കോട്ടയം നഗരസഭയുടെ നാഗമ്പടത്തെ മിനി എ.സി ഓഡിറ്റോറിയം ഒടുവിൽ തുറക്കുന്നു. 11 വർഷത്തെ കാത്തിരിപ്പിനും തർക്കങ്ങൾക്കും പരാതികൾക്കുമൊടുവിലാണ് വ്യാഴാഴ്ച ഓഡിറ്റോറിയം തുറക്കാനുള്ള തീരുമാനം. രാവിലെ 11ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഹാൾ തുറന്നുകൊടുക്കും. കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. ചാണ്ടി ഉമ്മൻ മുഖ്യപ്രഭാഷണം നടത്തും.
മുഖ്യമന്ത്രിയായിരിക്കെ, 70 വയസ്സ് തികഞ്ഞ ഉമ്മൻചാണ്ടിയുടെ സപ്തതി ആഘോഷത്തിന്റെ ഭാഗമായാണ് നഗരസഭ മിനി ഓഡിറ്റോറിയം നിർമിക്കുമെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് 2013ൽ അന്നത്തെ നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നാഗമ്പടം ബസ്സ്റ്റാൻഡ് കെട്ടിടത്തിന്റെ ഒന്നാംനിലയിൽ ഹാൾ സജ്ജമാക്കി.
ഏകദേശം 300 പേർക്ക് ഇരിക്കാൻ കഴിയുന്നതാണ് ഉമ്മൻചാണ്ടി സപ്തതി സ്മാരക ഹാൾ എന്നുപേരിട്ട ഓഡിറ്റോറിയം. 2014ൽ ഉദ്ഘാടനവും നടത്തി. തുടർന്ന് സൗണ്ട് സിസ്റ്റം, പ്രൊജക്ടർ എന്നിവയും ഒരുക്കി. എന്നാൽ, തുറന്നുകൊടുക്കാൻ നടപടിയായില്ല.
ഇതോടെ ഉപയോഗശൂന്യമായി കിടന്ന ഹാളിന്റെ പരിസരം മാലിന്യകേന്ദ്രമായി. ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കുന്ന ചവിട്ടുപടിയിലുൾപ്പെടെ പേപ്പർ മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞു. ഈ ഭാഗം സാമൂഹികവിരുദ്ധരുടെ കേന്ദ്രവുമായി.
ഇത് പല തവണ കൗൺസിൽ യോഗങ്ങളിൽ രൂക്ഷമായ വാക്കേറ്റത്തിനും തർക്കങ്ങൾക്കും ഇടയാക്കി. കക്ഷിഭേദമില്ലാതെ ഹാൾ തുറക്കണമെന്ന് കൗൺസിലർമാർ ആവശ്യമുയർത്തി. വരുമാനം ലഭിക്കേണ്ട ഹാൾ പൂട്ടിക്കിടക്കുന്നത് ഭരണസമിതിയുടെ പിടിപ്പുകേടിന് ഉദാഹരണമാണെന്ന് പ്രതിപക്ഷവും നിരന്തരം ആരോപിച്ചിരുന്നു.
മാസങ്ങൾക്കുമുമ്പ് നടന്ന കൗൺസിൽ യോഗത്തിൽ കൗൺസിലർ സാബു മാത്യൂ വീണ്ടും വിഷയം ഉയർത്തിയതോടെ ഉടൻ നടപടി സ്വീകരിക്കാൻ ചെയർപേഴ്സൻ നിർദേശം നൽകി. ഇതിന്റെ തുടർച്ചയായി വൈദ്യൂതീകരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കി. എ.സിയുടെ തകരാറുകളും പരിഹരിച്ചു. അവസാനകടമ്പയായിരുന്ന കസേരകളും കഴിഞ്ഞ ദിവസങ്ങളിലായി ഹാളിലേക്ക് എത്തിച്ചു. കഴിഞ്ഞ വർഷത്തെ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് 300 ഓളം കസേരകൾ വാങ്ങിയത്. ഉ
ദ്ഘാടനത്തിനുശേഷം ഹാൾ വാടകക്ക് കൊടുത്തുതുടങ്ങുമെന്ന് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. 8500 രൂപയാണ് വാടകയായി നിശ്ചയിച്ചിരിക്കുന്നത്. ഇത്രയും കുറഞ്ഞ നിരക്കിൽ എ.സി ഓഡിറ്റോറിയം ലഭിക്കുമെന്നത് സാധാരണക്കാർക്ക് ഏറെ ഗുണകരമാകുമെന്നും ഇവർ പറഞ്ഞു. ഇതിനിടെ, ഹാളിനുള്ളിലെ തൂണുകൾ അസൗകര്യം സൃഷ്ടിക്കുമെന്നും ആക്ഷേപമുയരുന്നുണ്ട്.
മൂന്നുനില കെട്ടിടമായതിനാലാണ് ഹാളിനുള്ളിൽ തൂണുകൾ വന്നതെന്നും ഇത് അസൗകര്യം സൃഷ്ടിക്കാത്ത വിധത്തിൽ വേദിയും സദസ്സും ക്രമീകരിക്കാൻ സൗകര്യമുണ്ടെന്ന് നഗരസഭ അധികൃതർ പറഞ്ഞു. തൂണുകളുള്ള ഭാഗം ഭക്ഷണവിതരണത്തിനടക്കം ഉപയോഗിച്ചാൽ തടസ്സങ്ങൾ മറികടക്കാൻ കഴിയുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

