ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകൾ വീണു
text_fieldsപാമ്പാടി കുന്നേൽ വളവിന് സമീപം സ്വകാര്യ ബസിന്
മുകളിലേക്ക് വൈദ്യുതി പോസ്റ്റുകൾ വീണപ്പോൾ
കോട്ടയം: പാമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകൾ വീണു. പാമ്പാടി കൂരോപ്പട- റോഡിൽ വൈകീട്ട് ആറോടെയാണ് കുന്നേൽ വളവിന് സമീപം കൊച്ചുവയലിൽപ്പടി ഭാഗത്ത് അപകടം ഉണ്ടായത്.കോട്ടയം-പള്ളിക്കത്തോട് റൂട്ടിലോടുന്ന നരിമറ്റത്തിൽ ബസിന് മുകളിലേക്കാണ് മൂന്ന് വൈദ്യുതി പോസ്റ്റുകൾ വീണത്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു.
ഇതിനിടയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായതോടെ പോസ്റ്റുകൾ ചരിഞ്ഞ് ബസിനു മുകളിലേക്ക് വീഴുകയായിരുന്നു. ലൈനുകൾ ഓഫ് ആയിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഒന്നുമുണ്ടായില്ല. ഗതാഗത തടസ്സം നേരിട്ടതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. കനത്തമഴയെ അവഗണിച്ചും റോഡിലെ തടസ്സം മാറ്റാനുള്ള പ്രവർത്തനങ്ങൾ കെ.എസ്.ഇ.ബി അധികൃതർ സ്വീകരിച്ചു.