കുട്ടികൾക്ക് കളിക്കാൻ ഫുട്ബാൾ നൽകി 'നന്ദി പ്രകടനം'
text_fieldsഎലിക്കുളം: എലിക്കുളം പഞ്ചായത്ത് രണ്ടാംവാർഡ് അംഗമായി വിജയിച്ച മാത്യൂസ് പെരുമനങ്ങാട് വോട്ടർമാരോടുള്ള നന്ദിപ്രകടനത്തിൽ വ്യത്യസ്തനായി.
തെൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാങ്ങിയിരുന്ന ഏഴ് ഫുട്ബാളുകൾ വാർഡ് പരിധിയിലെ കുട്ടികളുടെ സംഘങ്ങൾക്ക് കളിക്കാനായി വിട്ടുകൊടുത്തു. മാത്യൂസിെൻറ തെരഞ്ഞെടുപ്പ് ചിഹ്നം ഫുട്ബാളായിരുന്നു. പ്രചാരണത്തിനിറങ്ങിയപ്പോൾ ഫുട് ബോളുമായാണ് വീടുതോറും കയറിയത്.
വിജയിയായപ്പോൾ നന്ദിപ്രകടനത്തിന് വീടുതോറും കയറിയ പഞ്ചായത്ത് അംഗം വീണ്ടും തെൻറ ചിഹ്നം കൈയിലെടുത്തു. ഓരോ പ്രദേശത്തെയും കുട്ടികളുടെ ഗ്രൂപ്പുകൾക്ക് കളിക്കാനായി ഇവ സമ്മാനിച്ചു.
മുതിർന്നവർക്കും മാത്യൂസിെൻറ വക സമ്മാനമുണ്ടായിരുന്നു. പുതുവത്സരാശംസകൾ നേർന്നുനൽകിയ കാർഡിൽ പ്രധാനപ്പെട്ട സർക്കാർ ഓഫിസുകൾ, പൊലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ ഇവയ്ക്കൊപ്പം സ്വന്തം ഫോൺ നമ്പറും ഉൾപ്പെടുത്തിയിട്ടുണ്ട്.
എൻ.സി.പി പാലാ ബ്ലോക്ക് വൈസ് പ്രസിഡൻറ് കൂടിയായ മാത്യൂസ് സ്വതന്ത്രനായാണ് മത്സരിച്ചത്. പിന്നീട് യു.ഡി.എഫിന് പിന്തുണ നൽകി.